കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുന്നതിനിടെ ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. എന്നാല്‍ 32 സംഘടനകളെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി.
നേരത്തെ, നിയമം അംഗീകരിക്കുകയോ സമരവേദി മാറ്റുകയോ ചെയ്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കര്‍ഷകര്‍ തള്ളി. സമരത്തില്‍ പങ്കുചേരാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു എത്തുന്നതിനിടെയാണ് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉപാധികളില്ലാതെ കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് ചര്‍ച്ച തീരുമാനിച്ചിരിക്കെയാണ് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്.
ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്ന് ബികെയു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ചാണ് അറിയിച്ചത്. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്. എന്നാല്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.