TopTop
Begin typing your search above and press return to search.

മുംബൈയിൽ പൗരത്വ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും 4 കിലോമീറ്റർ വ്യത്യാസത്തിൽ പ്രകടനങ്ങൾ

മുംബൈയിൽ പൗരത്വ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും 4 കിലോമീറ്റർ വ്യത്യാസത്തിൽ പ്രകടനങ്ങൾ

മുംബൈ നഗരത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ പൗരത്വ നിയമങ്ങളെ അനുകൂലിച്ച് പ്രകടനം. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ളവരാണ് ഈ പ്രകടനത്തിന്റെ സംഘാടനത്തിനു പിന്നിൽ. നഗരത്തിൽ നേരത്തെ ആഹ്വാനം ചെയ്ത പൗരത്വ നിയമങ്ങളെ എതിർത്തുള്ള പ്രകടനത്തിന് സമാന്തരമായാണ് ഈ പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് പ്രകടനങ്ങളും തമ്മിൽ നാല് കിലോമീറ്റർ വ്യത്യാസം മാത്രമാണുള്ളത്. പൊലീസ് അതീവജാഗ്രതയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇരു പ്രകടനങ്ങളും സമാധാനപരമാണ്.

സാമൂഹ്യപ്രവർത്തകരും ബുദ്ധിജീവികളും വിദ്യാർത്ഥികളുമടങ്ങുന്ന ജനക്കൂട്ടം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് സൗത്ത് മുംബൈയിലെ ആസാദ് മൈതാനത്തിലാണ്. നാലു കിലോമീറ്റർ അപ്പുറത്ത് ഓഗസ്റ്റ് ക്രാന്തി മൈതാനത്തിലാണ് ബിജെപി പ്രവർത്തകർ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തുന്നത്.

നിയമത്തെ എതിർത്തുള്ള പ്രകടനത്തിൽ നിരവധി നടീനടന്മാരും മറ്റ് സെലിബ്രിറ്റികളും പങ്കു ചേർന്നിരുന്നു. അതെസമയം നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്തു. വേദിയിൽ സവർക്കറുടെ വലിയ ചിത്രം ഫ്ലക്സടിച്ചു വെച്ചിരുന്നു. ഈ റാലിയിൽ സവർക്കറുടെ പേരക്കുട്ടിയും പങ്കെടുക്കുന്നുണ്ട്.

ഡല്‍ഹി കൊൽക്കത്ത എന്നിവിടങ്ങളിലും പൗരത്വ നിയമത്തിനെതിരെ ഇന്ന് റാലികൾ സംഘടിപ്പിക്കപ്പെട്ടു. ഡൽഹിയിലെ ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി നേതാവ് സുഭാഷ് ചന്ദ്രയും കസ്റ്റഡിയിലായി.

ഡൽഹിയിലെ ജമാ മസ്ജിദിനു മുന്നില്‍ ജനങ്ങൾ തടിച്ചുകൂടുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ പലയിടങ്ങളിൽ ഫ്ലാഗ് മാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടു. വെള്ളിയാഴ്ചപ്രാർത്ഥനകൾക്കു മുമ്പായി നഗരത്തിൽ പൊലീസ് സന്നാഹം ശക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് അൽകാ ലാമ്പ, മുൻ ഡൽഹി എംഎൽഎ ഷൊഹൈബ് ഇഖ്ബാൽ എന്നിവരും ജമാ മസ്ജിനു മുമ്പില്‍ നടന്ന പ്രകടനത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നം തൊഴിലില്ലായ്മയാണെന്നും അതിനെ മറച്ചുപിടിക്കാൻ സർക്കാർ നടത്തുന്ന കസർത്താണ് പൗരത്വ നിയമമെന്നും ലാമ്പ പറഞ്ഞു. തൊഴിലില്ലാത്ത യുവാക്കളെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ക്യൂവിൽ നിർത്തുകയാണ് സര്‍ക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

ഡൽഹിയിൽ ഉത്തർപ്രദേശ് ഭവൻ, സീലംപൂർ, ജാഫ്രാബാദ്, വടക്കുകിഴക്കൻ ഡൽഹി എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ഉയർന്നു വന്നിട്ടുള്ള ജവനവികാരത്തിനെ എതിരായി തങ്ങളുടെ പ്രവർത്തകരെ പരമാവധി അണിനിരത്താനാണ് ബിജെപി ശ്രമം തുടങ്ങിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. രാജ്യത്ത് ഇത് ശക്തമായ വിഭാഗീയത വളർത്താനിടയുണ്ടെന്നും ആശങ്ക വളർന്നിട്ടുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തങ്ങളുടെ സഖ്യകക്ഷികൾ സമ്മർദ്ദത്തിലാകുന്ന സാഹചര്യത്തെക്കൂടി നേരിടേണ്ട സ്ഥിതിയിലാണ് ബിജെപി ഇപ്പോൾ. നിയമങ്ങൾക്ക് അനുകൂലമായ സമരങ്ങളും വളർത്തിക്കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.


Next Story

Related Stories