TopTop
Begin typing your search above and press return to search.

നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ല; സമരം തുടരും, ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷകര്‍

നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ല; സമരം തുടരും, ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നും കര്‍ഷകര്‍

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കുംവരെ ഡല്‍ഹിയില്‍ സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച സുപ്രീം കോടതി വിധി പരിശോധിക്കും. അതിനുശേഷം ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്നും കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമം പിന്‍വലിക്കാതെ പിന്മാറില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു. നിയമങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ തൃപ്തരല്ല. കോടതി രൂപീകരിക്കുന്ന സമിതിക്കു മുമ്പില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. രാജ്യ തലസ്ഥാനത്തെ സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള അടുത്ത ചര്‍ച്ച.

തര്‍ക്ക പരിഹാരത്തിന് സുപ്രീംകോടതി ഇടപെടുന്നതില്‍ നന്ദിയുണ്ട്. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനുള്ള അധികാരവും ഉണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നാളെ 12ന് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഗുവില്‍ ചേരും.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമ ഭേദഗതികള്‍ നടപ്പാക്കുന്നതാണ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തത്. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.


Next Story

Related Stories