TopTop
Begin typing your search above and press return to search.

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിനു പിന്നില്‍ ആര്‍എസ്എസ് ആയിരുന്നെന്ന പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍ മുന്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നത്; യോഗത്തില്‍ കെജ്രിവാളും

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിനു പിന്നില്‍ ആര്‍എസ്എസ് ആയിരുന്നെന്ന പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍ മുന്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നത്; യോഗത്തില്‍ കെജ്രിവാളും

രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി ആയിരുന്നുവെന്നും ഇന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇക്കാര്യം അറിയാമായിരുന്നുവെന്നുമുള്ള മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍ മുന്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നത്. അണ്ണാ ഹസാരെയും കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളും ബാബാ രാംദേവുമടങ്ങുന്ന സംഘം 'ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍' സംഘടന രൂപീകരിച്ച് യുപിഎ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപിയാണ് ഈ സംഘടനയ്ക്ക് പിന്നിലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

2011-ലാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ അതിശക്തമായ വിധത്തില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലതുപക്ഷ തിങ്ക് ടാങ്ക് എന്നറിയപ്പെടുന്ന വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് ഈ മുന്നേറ്റത്തിനു പിന്നിലെന്ന വിവരം പിന്നാലെ പുറത്തുവന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍, നിലവിലെ കേന്ദ്രമന്ത്രിമാര്‍, മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെയാണ് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.

2011-ല്‍ അണ്ണാ ഹസാരെയുടെ സമരം തുടങ്ങുന്നതിന് വിവേകാനന്ദ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേരുകയും ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ മുന്നണി ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇന്റലീജന്‍സ് ബ്യൂറോയുടെ മുന്‍ ഡയറക്ടറും ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലായിരുന്നു വിവേകാനന്ദ ഫൗണ്ടേഷന്റെ അന്നത്തെ ഡയറക്ടര്‍. അണ്ണാ ഹസാരെ ടീമിനെയും രാംദേവിന്റെ കീഴിലുള്ളവരെയും ഒരുമിച്ച് കൊണ്ടുവാന്‍ ഗൗരവമായ രീതിയില്‍ മുന്‍കൈയെടുത്തത് വിവേകാനന്ദ ഫൗണ്ടേഷനാണെന്ന് അന്ന് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1970-കളില്‍ അന്നത്തെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഏക്‌നാഥ റനാഡെയുടെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ കീഴില്‍ വരുന്നതാണ് വിവേകാനന്ദ ഫൗണ്ടേഷന്‍. അന്തരിച്ച പ്രമുഖ ആര്‍എസ്എസ് നേതാവും മലയാളിയുമായ പി. പരമേശ്വരനായിരുന്നു അഴിമതി വിരുദ്ധ പ്രക്ഷോഭം വിവേകാനന്ദ കേന്ദ്രയുടെ അധ്യക്ഷന്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ. സൂര്യപ്രകാശ്, മുന്‍ ആഭ്യന്തര സെക്രട്ടറി ധീരേന്ദ്ര സിംഗ് തുടങ്ങിയവരൊക്കെയാണ് ഇപ്പോള്‍ ഫൗണ്ടേഷന്റെ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങള്‍. ആര്‍എസ്എസ് നേതാവ് എസ്. ഗുരുമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ഇതിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

അണ്ണാ ഹസാരെയുടെ സമരം ആരംഭിച്ച 2011-ല്‍ ഏപ്രില്‍ മാസത്തില്‍ ആര്‍എസ്എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ ആരംഭിച്ച രാഷ്ട്രീയ സ്വാഭിമാന്‍ ആന്ദോളനും വിവേകാനന്ദ ഫൗണ്ടേഷനും ചേര്‍ന്ന് കള്ളപ്പണ വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ബാബാ രാംദേവിനൊപ്പം ഈ യോഗത്തില്‍ പങ്കെടുത്തവരാണ് അണ്ണാ ഹസാരെ ടീമിലുണ്ടായിരുന്ന അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും. ആ സെമിനാറിനു ശേഷം രാംദേവിന്റെ അധ്യക്ഷതയിലും ഗോവിന്ദാചാര്യ കണ്‍വീനറുമായി ഒരു അഴിമതി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചു. അജിത് ഡോവല്‍, ആര്‍എസ്എസ് പ്രചാരകനായ എസ്. ഗുരുമൂര്‍ത്തി തുടങ്ങിയവര്‍ ഉള്‍പ്പെടെയായിരുന്നു ഇതിലെ അംഗങ്ങള്‍. ഈ സെമിനാറിനു ശേഷം പുറത്തിറക്കിയ രണ്ടു പേജ് വരുന്ന പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത് അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ആരംഭിക്കാനും അഴിമതി വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിരിക്കുന്നു എന്നാണ്. ഇതിനു പിന്നാലെയാണ് അണ്ണാ ഹസാരെ നടുക്കും കെജ്‌രിവാളും കിരണ്‍ ബേദിയും ഇരുവശങ്ങളിലുമായി യുപിഎ സര്‍ക്കാരിനെതിരെ വന്‍ അഴിമതി പ്രക്ഷോഭം ആരംഭിക്കുന്നത്. രാംലീലാ മൈതാനിയില്‍ നടത്തിയിരുന്ന പ്രക്ഷോഭ സ്ഥലത്ത് നിന്ന് പോലീസിനെ പേടിച്ച് രാംദേവ് സ്ത്രീവേഷത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചതും ഇതിനിടെയായിരുന്നു.

ഈ അഴിമതി വിരുദ്ധ മുന്നണിയില്‍ 2012 ഒടുവിലാമ്പോഴാണ് വിള്ളലുകള്‍ വീണു തുടങ്ങുന്നത്. മുന്നണിയുടെ ഭാവി പരിപാടികളെ ചൊല്ലിയായിരുന്നു പ്രധാന പ്രശ്‌നം. ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ നടത്തിയ സര്‍വെയില്‍ മുന്നണി ഒരു രാഷ്ട്രീയ കക്ഷിയായി മാറണമെന്നും ഇതിന് കെജ്‌രിവാള്‍ നേതൃത്വം നല്‍കണം എന്നുമായിരുന്നു. എന്നാല്‍ അണ്ണാ ഹസാരെയ്ക്ക് ഇത് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് 2012 ഓഗസ്റ്റ് ആയപ്പോഴേക്കും അതുവരെ അറിയപ്പെട്ടിരുന്ന ടീം അണ്ണണ്ണ അദ്ദേഹം പിരിച്ചുവിടുകയും കിരണ്‍ ബേദി ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ പ്രസ്ഥാനവുമായി മുന്നോട്ടു പോവുകയും ചെയ്തു. കെജ്‌രിവാളിനൊപ്പം പിന്നീട് പ്രശാന്ത് ഭൂഷണ്‍, പിതാവ് ശാന്തിഭൂഷണ്‍, പ്രൊഫ യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കിരണ്‍ ബേദി പിന്നീട് കെജ്‌രിവാളിന്റെ പാര്‍ട്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരി. കിരണ്‍ ബേദിയെ ബിജെപി പിന്നീട് പുതുച്ചേരി ഗവര്‍ണറായി നിയമിച്ചു.

കെജ്‌രിവാളാകട്ടെ, ആം ആദ്മി പാര്‍ട്ടിയില്‍ അപ്പോഴേക്കും മൂര്‍ധന്യത്തിലെത്തിയ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭൂഷണ്‍മാരെയും യോഗേന്ദ്ര യാദവിനെയുമൊക്കെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അതിനു ശേഷം ആദ്യമായാണ് കെജ്‌രിവാള്‍ ആര്‍എസ്എസിന്റെ സഹയാത്രികനാണ് എന്ന വിധത്തില്‍ പ്രശാന്ത് ഭൂഷണ്‍ ആദ്യമായി പരസ്യമായ ആരോപണമുന്നയിച്ചത്. ഇന്ത്യാ ടുഡെ ടി.വിയില്‍ രാജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ ആരോപണം. രണ്ടു കാര്യങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും അതിലൊന്ന് അഴിമതി വിരുദ്ധ പ്രക്ഷോഭം ആസൂത്രണം ചെയ്തത് ആര്‍എസ്എസ് ആണെന്ന കാര്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതും കെജ്‌രിവാളിനെ മനസിലാക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ് കെജ്‌രിവാള്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


Next Story

Related Stories