ഭരണ പ്രതിസന്ധി നേരിട്ട പുതുച്ചേരിയില്‍ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍ നിയസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡി.എം.കെ. സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെതോടെ നാരായണസ്വാമി സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്കി.
ജനങ്ങള്‍ തള്ളിക്കളഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒന്നിക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പുറത്താക്കി. രാജസ്ഥാനില്‍ ഇത് പരാജയപ്പെട്ടു, ഇപ്പോള്‍ അവര്‍ പുതുച്ചേരിയിലും ശ്രമിക്കുന്നു. എംഎല്‍എമാര്‍ പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തണം. രാജിവച്ച എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. കാരണം അവരെ അവസരവാദികള്‍ എന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി. മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ നാരായണസ്വാമി താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡിഎംകെ മേധാവി എം.കെ. സ്റ്റാലിനും കാരണമാണെന്നും പറഞ്ഞു. പുതുച്ചേരിക്കു സംസ്ഥാനപദവി നല്കുന്നതില് കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസ്വാമി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കേരളവും റേഷന്‍കടകളിലൂടെ അരി സൗജന്യമായി വിതരണം ചെയ്തപ്പോള്‍, പൊതുവിതരണ സമ്പ്രദായം പൊളിച്ച് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അരിയുടെ തുല്യമായ പണം നിക്ഷേപിക്കണമെന്ന് കേന്ദ്രം നിര്‍ബന്ധിച്ചു. ബജറ്റില്‍ സര്‍ക്കാര്‍ മതിയായ ഫണ്ട് അനുവദിച്ചിട്ടും ലെഫ്റ്റനന്റ് ഗവര്‍ണര്‍ സൗജന്യ ഭക്ഷണ പദ്ധതിയും ട്രാന്‍സ്പോര്‍ട്ട് പദ്ധതിയും അട്ടിമറിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഞങ്ങള്‍ രണ്ട് ഭാഷാ സമ്പ്രദായമാണ് പിന്തുടരുന്നതെങ്കിലും ഹിന്ദി നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി നിയമസഭയില്‍ പറഞ്ഞു.