TopTop
Begin typing your search above and press return to search.

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ബിജെപി അവഗണിക്കുന്നു; പഞ്ചാബ് ജനറല്‍ സെക്രട്ടറി മല്‍വീന്ദര്‍ സിംഗ് കാങ് പാര്‍ട്ടി വിട്ടു

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ബിജെപി അവഗണിക്കുന്നു; പഞ്ചാബ് ജനറല്‍ സെക്രട്ടറി മല്‍വീന്ദര്‍ സിംഗ് കാങ് പാര്‍ട്ടി വിട്ടു

പാര്‍ലമെന്റ് പാസാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രതിഷേധങ്ങളെ ബിജെപി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പഞ്ചാബ് ജനറല്‍ സെക്രട്ടറി മല്‍വീന്ദര്‍ സിംഗ് കാങ് സ്ഥാനമൊഴിഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പിലാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ സംസ്ഥാനത്തെ കര്‍ഷകരും ചെറുകിട വ്യാപാരികളും തൊഴില്‍ സംഘടനകളും ആഴ്ചകളായി ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ ബിജെപി ജനറല്‍ സെക്രട്ടറി, പാര്‍ട്ടി കോര്‍ സമിതി അംഗം എന്ന നിലയില്‍ കര്‍ഷകര്‍ക്കുവേണ്ടി പാര്‍ട്ടി ചര്‍ച്ചകളില്‍ പലതവണ ശബ്ദമുയര്‍ത്തി. കര്‍ഷകരുടെ പ്രതിഷേധം കാണണമെന്നും അവരുടെ പരാതികള്‍ കേള്‍ക്കണമെന്നും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും പാര്‍ട്ടി നേതൃത്വത്തോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടായില്ല്. ഈ സാഹചര്യത്തില്‍ കര്‍ഷക പ്രതിഷേധത്തിനെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി പദവികളില്‍നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുന്നു-വാട്‌സാപ്പില്‍ നല്‍കിയ രാജിക്കത്തില്‍ മല്‍വീന്ദര്‍ കുറിച്ചു.

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വം മല്‍വീന്ദറിന്റെ രാജിക്കാര്യത്തില്‍ ഒദ്യോഗിക വിശദീകരണമൊന്നും തന്നിട്ടില്ല. എന്നാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അശ്വിനി ശര്‍മ്മയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന മല്‍വീന്ദറിന്റെ രാജിക്കത്ത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടിയുടെ സിഖ് മുഖങ്ങള്‍ ഒന്നൊന്നായി അകലുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. നേരത്തെ, കാര്‍ഷിക നിമയത്തിന്റെ പേരില്‍ ശിരോമണി അകാലി ദള്‍ ബിജെപിയോട് ഇടഞ്ഞിരുന്നു. കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു. കര്‍ഷക പ്രതിഷേധങ്ങളെ പാര്‍ട്ടി അവഗണിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തെ നിരവധി നേതാക്കള്‍ ബിജെപി വിട്ടിരുന്നു.


Next Story

Related Stories