TopTop
Begin typing your search above and press return to search.

വടി കൊണ്ടുള്ള അടിയാണ് വേണ്ടതെങ്കിൽ അതിർത്തിയിലേയ്ക്ക് ആർഎസ്എസ്സുകാരെ വിട്ടാൽ മതി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

വടി കൊണ്ടുള്ള അടിയാണ് വേണ്ടതെങ്കിൽ അതിർത്തിയിലേയ്ക്ക് ആർഎസ്എസ്സുകാരെ വിട്ടാൽ മതി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ലഡാക്കിലെ ചൈനീസ് ആക്രമണവും ഭീകരവും പൈശാചികവുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നമ്മുടെ സൈനികരെ കൊന്നതിന് പകരം ചോദിക്കണം - മുൻ ആർമി സൈനികനായ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ പ്രതീക്ഷിക്കുന്നത് ചൈനയ്ക്ക് നമ്മൾ കൊടുക്കുന്ന ശക്തമായ തിരിച്ചടിയാണ്. ഇന്ത്യ ടുഡേ ചാനൽ ചർച്ചയിൽ അമരീന്ദർ സിംഗ് പറഞ്ഞു. നമ്മുടെ ഒരാളെ കൊന്നാൽ അവരുടെ മൂന്ന് പേരെ കൊല്ലാൻ പട്ടാളക്കാരോട് പറയണം. ഞാനിത് പറയുന്നത് രാഷ്ട്രീയക്കാരനെന്ന നിലയിലല്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷവും ഇതേ നിലപാട് ഞാൻ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് ചൈനീസ് സൈനികർക്ക് നേരെ വെടി വയ്ക്കാൻ നമ്മുടെ സൈനികർക്ക് ഉത്തരവ് നൽകിയില്ല. ആരോ അവിടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട് - അതാരെന്ന് കണ്ടെത്തണം. കമാൻഡിംഗ് ഓഫീസർ ചൈനീസ് കെണിയിൽ വീണാൽ സെക്കന്റ് ഇൻ കമാൻഡ് വെടിവയ്ക്കാൻ ഉത്തരവിടണമായിരുന്നു. എന്തുകൊണ്ട് നമ്മുടെ സൈനികർ തിരിച്ചടിച്ചില്ല എന്നറിയാൻ രാജ്യം താൽപര്യപ്പെടുന്നു. സഹപ്രവർത്തകർ കൊല്ലപ്പെടുമ്പോൾ അവർ എന്ത് ചെയ്യുകയായിരുന്നു.

എനിക്കറിയണം, എല്ലാ പട്ടാളക്കാർക്കുമറിയണം, എല്ലാ ഇന്ത്യക്കാർക്കുമറിയണം - എന്താണ് സംഭവിച്ചത് എന്ന്. ഇന്റലിജൻസ് പരാജയമുണ്ടായെന്ന് കരുതേണ്ടിയിരിക്കുന്നു. മലയ്ക്കപ്പുറത്തിരിക്കുന്നവർക്ക് നമ്മൾ അതിശക്തമായ മറുപടി കൊടുക്കേണ്ടതുണ്ട്. സംഭവിച്ചത് ഓരോ ഇന്ത്യക്കാരനും അപമാനം തോന്നേണ്ട കാര്യമാണ്. അതൊരു തമാശയല്ല. ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന് ചൈനയ്ക്ക് കാണിച്ചുകൊടുക്കണം. കൊല്ലപ്പെട്ട 20 സൈനികരും എന്റെ സ്വന്തം ആളുകളാണ്. ഹിന്ദി-ചീനി ഭായ് ഭായ് ഒക്കെ നിർത്താരായിരിക്കുന്നു. ഈ വിഷയത്തിൽ നിന്ന് തടിയൂരാൻ ഇന്ത്യ ശ്രമിക്കരുത്. ചൈന ലോകശക്തിയാണെങ്കിൽ നമ്മളും അങ്ങനെ തന്നെയാണ്. 60 വർഷത്തെ നയതന്ത്രം ഫലിച്ചില്ല. ഇനിയും ഇത് നടക്കില്ല എന്ന് ചൈനയോട് പറയാറായിരിക്കുന്നു. അവരെ നേരിടാൻ നമുക്ക് ശേഷിയുണ്ടെന്ന് ചൈനയ്ക്കറിയാം. ഇന്ത്യൻ ആർമി പ്രൊഫഷണൽ സേനയാണ്. ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം. ചൈനക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. 1962ലെ യുദ്ധത്തിൽ പല ഇന്ത്യൻ പ്രദേശങ്ങളും അവർ പിടിച്ചെടുത്തു. ഇപ്പോൾ കൂടുതൽ പിടിക്കാൻ നോക്കുകയാണ്.

കലാപകാരികളെ നേരിടാൻ പൊലീസ് ഉപയോഗിക്കുന്ന ബാറ്റണും മറ്റുമാണ് സൈനികർ ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ, ചൈന സൈന്യങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണരേഖയിൽ വെടിവയ്ക്കുന്നത് വിലക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും സൈനികർ തമ്മിൽ കല്ലേറും ഇരുമ്പുവടി കൊണ്ടും ബാറ്റണുകൾ കൊണ്ടുമുള്ള അടിയും മറ്റുമാണുണ്ടായത്. ലാത്തിയാണ് ആദ്യം ഉപയോഗിക്കാൻ സർക്കാർ താൽപര്യപ്പെടുന്നതെങ്കിൽ ചൈനക്കാരോട് പോരിന് ആർഎസ്എസ്സുകാരെ വിട്ടാൽ മതിയെന്നും അമരീന്ദർ സിംഗ് പരിഹസിച്ചു.


Next Story

Related Stories