TopTop
Begin typing your search above and press return to search.

പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരങ്ങൾ; നാളെ മുതൽ സമ്പൂർണ ഹർത്താൽ; ബിജെപി നേതാക്കളെ ഘരാവോ ചെയ്യും

പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരങ്ങൾ; നാളെ മുതൽ സമ്പൂർണ ഹർത്താൽ; ബിജെപി നേതാക്കളെ ഘരാവോ ചെയ്യും

പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരങ്ങൾ നടത്തുന്നു. ഇന്നു മുതൽ മൂന്നു ദിവസമാണ് ട്രെയിൻ തടയൽ നടത്തുക. സമരാഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

14 സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. സെപ്തംബർ 24 മുതൽ 26 വരെ ഈ വണ്ടികൾ ഓടില്ല. യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് റദ്ദാക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ കോവിഡിന്റെ സാഹചര്യത്തിൽ സാധാരണ യാത്രാ ട്രെയിനുകളുടെ സർവീസ് കുറവാണ്. സ്പെഷ്യൽ ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്.

31 കർഷകസംഘടനകളാണ് 25 മുതൽ പഞ്ചാബിൽ സമ്പൂർണ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ റെയിൽവേ സേവനങ്ങൾ തടയാനുള്ള ആഹ്വാനം ആദ്യം നൽകിയത് കിസാൻ മസ്ദൂർ സംഘർഷ് സമിതിയായിരുന്നു. പിന്നീടീ ആഹ്വാനം വിവിധ കർഷകസംഘടനകൾ ഏറ്റെടുത്തു. ഭാരതീയ കിസാൻ യൂണിന്റെ അംഗങ്ങൾ റെയിൽ തടയൽ സമരം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നടക്കം തങ്ങൾക്ക് വിവിധ തുറകളിൽ നിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ നടക്കുന്നുണ്ട്.

കർഷകപ്രക്ഷോഭത്തിന് പിന്തുണ നൽകണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും മന്ത്രിമാാരോടും എംപിമാരോടും എംഎൽഎമാരോടും തങ്ങളാവശ്യപ്പെട്ടിട്ടുണ്ടെന്ന് കിസാൻ മസ്ദൂർ സംഘർഷ് സമിതി പറയുന്നു. ബിജെപി നേതാക്കളെ ഘരാവോ ചെയ്യാനും കാർഷിക ബില്ലുകൾക്ക് അനുകൂലമായി വോട്ട് ചെയ്തവരെ ബഹിഷ്കരിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

കർഷകരെ വൻ കോർപറേറ്റുകൾക്ക് തീറെഴുതി നൽകുന്ന ബില്ലുകളാണ് പാസ്സാക്കപ്പെട്ടിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഹരിയാനയിലെ എൻഡിഎ സർക്കാരിന് രാജ്യസഭ പാസ്സാക്കിയ ഈ ബില്ലുകൾ തലവേദനയായി മാറിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങാന്‍ ജനായക് ജനതാ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമായി. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ദുഷ്യന്ത് ചൗതാലയുടെ ജനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. അതുകൊണ്ട് തന്നെ ആ പാര്‍ട്ടിയെടുക്കുന്ന സമീപനം ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് പ്രധാനമാണ്. 90 അംഗ നിയമസഭയില്‍ ദുഷ്യന്ത് ചൗതാലയുടെ പാര്‍ട്ടിക്ക് 10 എം എല്‍ എമാരാണുള്ളത്. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിനുള്ള എംഎല്‍എമാരില്ല. 40 എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ളത്. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ തുടര്‍ന്നാല്‍ കര്‍ഷകരുടെ പിന്തുണ പാര്‍ട്ടിക്ക് നഷ്ടപെടുമെന്ന എംഎല്‍എമാര്‍ തന്നെ പരസ്യ പ്രഖ്യാപനം നടത്തി. ഈ മാസം 10 -ാം തീയതി, നിയമത്തിനെതിരെ കുരുക്ഷേത്രയില്‍ കര്‍ഷകര്‍ നടന്ന മാര്‍ച്ച് പ്രശ്‌നം വഷളാക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും മനോഹര്‍ ഖട്ടാര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഹരിയാനയില്‍ ചൗതാലയെ എന്‍ ഡി എയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പഞ്ചാബിലെ അകാലിദളാണ്. അവര്‍ ഇപ്പോള്‍ മന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുന്നണി വിടണമെന്ന് അകാലിദളിലും സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം പാര്‍ട്ടി ഇതുവരെ കൈകൊണ്ടിട്ടില്ല. അടുത്ത് ചേരുന്ന അകാലിദളിന്റെ കോര്‍ കമ്മിറ്റി യോഗം ഇതില്‍ തീരുമാനമെടുക്കുനമെന്നാണ് സൂചന.

കേന്ദ്രത്തിൽ മന്ത്രിസഭയില്‍നിന്ന് അകാലിദള്‍ മന്ത്രി രാജിവെച്ചതോടെ മോദി സര്‍ക്കാരില്‍ ബിജെപിയല്ലാതെ ക്യാബിനറ്റ് പദവിയുള്ള ഏകമന്ത്രി രാം വിലാസ് പസ്വാന്‍ മാത്രമായി.Next Story

Related Stories