പൗരത്വ നിയമത്തിനെതിരെ പഞ്ചാബും പ്രമേയം പാസ്സാക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിന്റെ മാതൃക പിന്തുടര്ന്നാണ് ഈ നീക്കം. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസ്സാക്കുകയായിരുന്നു. പ്രമേയം പാസ്സാക്കിയതിനു പിന്നാലെ അതിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരിലൊരാളാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ നിയമഭേദഗതിയോട് മൃദുസമീപനം സ്വീകരിക്കുന്നത് ചര്‍ച്ചയായ സാഹചര്യത്തിലാണ് പഞ്ചാബിന്റെ ഈ നിക്കമെന്നത് ശ്രദ്ധേയമാണ്. പൗരത്വ നിയമഭേദഗതിക്ക് ദുഷ്ടലാക്കുകകളിലെന്ന് ഇനിയും ആരും കരുതരുതെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പ്രസ്താവിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പൗരത്വ നിയമഭേദഗതിയോട് മൃദുസമീപനം സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണിയയുടെ ഈ പ്രസ്താവന.
ഇതിനിടെ കേരളം പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയുടെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ് ഈ നിയമഭേദഗതിയെന്നാണ് കേരളം വാദിക്കുന്നത്.