TopTop
Begin typing your search above and press return to search.

സ്ഥാനമൊഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു, കോണ്‍ഗ്രസിനെ നയിക്കാന്‍ വീണ്ടും രാഹുല്‍ ഗാന്ധി തന്നെ വരുമോ?

സ്ഥാനമൊഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു, കോണ്‍ഗ്രസിനെ നയിക്കാന്‍ വീണ്ടും രാഹുല്‍ ഗാന്ധി തന്നെ വരുമോ?

കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നാം തീയതിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞത്. ഇതേ തുടർന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മുഴു സമയ പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് സോണിയാഗാന്ധിയെ താല്‍ക്കാലിക പ്രസിഡന്റായി നിയമിക്കുകയായിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ബിഹാറിലും, കേരളം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനായിട്ടും താല്‍ക്കാലിക പ്രസിഡന്റിന്റെ സ്ഥാനത്ത് പുതിയൊരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് രാഹുല്‍ ഗാന്ധി തന്നെയായ സ്ഥിതിക്ക് അദ്ദേഹം വീണ്ടും മുഴുവന്‍ സമയ പ്രസിഡന്റ് സ്ഥാനത്ത് എത്തുമോ എന്ന ചര്‍ച്ചയും സജീവമാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഒഴിഞ്ഞത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്നായിരുന്നു രാജിവെയ്ക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സോണിയാഗാന്ധിയെ താല്‍ക്കാലിക അധ്യക്ഷയായി തെരഞ്ഞെടുക്കയായിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിയാറായിട്ടും താല്‍ക്കാലിക പ്രസിഡന്റിന്റെ സ്ഥാനത്ത് പുതിയൊരു സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞുമില്ല. കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റ നിരന്തര പരാജയങ്ങളിൽനിന്ന് പൂർണമായും മുക്തി നേടാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുമില്ല. വിവിധ സംസ്ഥാനങ്ങളിൽ ഏത് നേതാവാണ് അടുത്തതായി ബിജെപിയിലേക്ക് പോകുകയെന്ന എന്നതടക്കമുള്ള ആശങ്കകളും പാർട്ടി നേതൃത്വം നേരിടുന്നു

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷവും കോണ്‍ഗ്രസിന്റെ മുഖമായിരുന്നത് രാഹുല്‍ഗാന്ധി തന്നെയായിരുന്നു. പ്രധാന മന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചും മറ്റും കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. എന്നാല്‍ ഈയിടെ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ വര്‍ഷം നല്‍കിയ തന്റെ രാജികത്ത് വായിച്ചുനോക്കൂവെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി അതായത് അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലെന്ന്.

ഇത്തരത്തില്‍ പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറയുന്ന അത്രയും സമയം നീക്കിവെയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

കോറോണ വൈറസിനെ നേരിടുന്ന കാര്യത്തിലും അതിനുശേഷം ചൈന നടത്തിയ അധിനിവേശ ശ്രമങ്ങളുടെ സമയത്തും മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ ഏക ശബ്ദമായി നിറഞ്ഞുനിന്നത് രാഹുല്‍ഗാന്ധി തന്നെയാണ്. മോദിയെ എതിര്‍ക്കുന്നതില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കാള്‍ വേണ്ടത്ര ആവേശം കാണിക്കുന്നില്ലെന്ന ആക്ഷേപം രാഹുല്‍ ഗാന്ധി തന്നെ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് വിവിധ മേഖലകളിലെ വിദഗ്ദരുമായി രാഗഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയും മറ്റും വാര്‍ത്താപ്രാധാന്യം കിട്ടാന്‍ സഹായിച്ചുവെങ്കിലും കോണ്‍ഗ്രസ് സംഘടനയെ രാഷ്ട്രീയമായി സജീവമാക്കാന്‍ സഹായകരമായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദേശീയ തലത്തില്‍ ഒരു വര്‍ഷമായിട്ടും രാഹുല്‍ ഗാന്ധി അല്ലാതെ മറ്റൊരു നേതാവിനെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടിയിട്ടുമില്ല.

ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒന്നും പാര്‍ട്ടിയോ ഗാന്ധി കുടുംബം തന്നെയോ സൃഷ്ടിച്ചിട്ടിക്കുന്നില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കോണ്‍ഗ്രസിന്റെ നടത്തിപ്പില്‍നിന്ന് ഗാന്ധി കുടുംബം പിന്‍മാറണമെന്നും ഹരീഷ് ഖരെയെ പോലുള്ള നീരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന തലമുറക്കാരെ പഴിക്കുകയെന്നതിലപ്പുറം രാഹുല്‍ഗാന്ധിയ്ക്കും പ്രിയങ്കാഗാന്ധിയ്ക്കും പാര്‍ട്ടിയെ പുനരുജ്ജീവിക്കാന്‍ മറ്റ് ആശയങ്ങളൊന്നുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് കോണ്‍ഗ്രസിന് പ്രസിഡന്റിന് ഉണ്ടായ സാഹചര്യങ്ങളിലെല്ലാം ഗാന്ധി കുടുംബം കൂടുതല്‍ ശക്തിയുള്ള സമാന്തര അധികാര കേന്ദ്ര മായി തുടര്‍ന്നിട്ടുണ്ട്. നരസിംഹറാവുവും സീതാറാം കേസരിയുമാണ് സമീപകാല ചരിത്രത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്മാരായത്. ഇതില്‍ സീതാറാം കേസരിയെ അവസാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം അവതരിപ്പിച്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു. സോണിയാഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ അദ്ദേഹത്തെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു എന്നു പോലും വാര്‍ത്തയുണ്ടായിരുന്നു. അത്രയും ദുർബലമായിരുന്നു ഗാന്ധി കുടുംബത്തിന് മുന്നിൽ കോൺഗ്രസ് അധ്യക്ഷ പദവി.

താല്‍ക്കാലിക പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോൺഗ്രസ് പാര്‍ട്ടി എത്രനാള്‍ കൂടി തുടരുമെന്ന കാര്യത്തില്‍ നേതാക്കള്‍ ആരും ഒന്നും വ്യക്തമാക്കിയിട്ടുമില്ല. നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പെങ്കിലും കോണ്‍ഗ്രസിന് ഒരു മുഴു സമയ പ്രസിഡന്റ് ഉണ്ടാകുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഉറ്റ് നോക്കുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ മറ്റാരെയും ചൂണ്ടിക്കാണിക്കാന്‍ നേതാക്കള്‍ക്ക് പോലും ആകുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തുമോ എന്ന ചര്‍ച്ചയും സജീവമാകുന്നത്.


Next Story

Related Stories