TopTop
Begin typing your search above and press return to search.

2014നു മുമ്ബ് രാഹുല്‍ പ്രധാനമന്ത്രിപദം വരെയെത്തി; മന്‍മോഹന്‍ സിങ്ങിനെ നീക്കുന്നത് തടഞ്ഞത് സോണിയ

2014നു മുമ്ബ് രാഹുല്‍ പ്രധാനമന്ത്രിപദം വരെയെത്തി; മന്‍മോഹന്‍ സിങ്ങിനെ നീക്കുന്നത് തടഞ്ഞത് സോണിയ

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന് രണ്ടു വര്‍ഷം മുമ്ബ് മന്‍മോഹന്‍ സിങ്ങില്‍ നിന്ന് രാഹുല്‍ അധികാരമേറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുകയും അത് കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സാണ് തങ്ങളുടെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങില്‍ നിന്ന് അധികാരം രാഹുല്‍ ഏറ്റെടുക്കണമെന്ന് ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളും ഈ ആവശ്യം ശക്തമായി മുമ്ബോട്ടു വെക്കുകയുണ്ടായി.

ഇതിനു കാരണം മന്‍മോഹന്‍ സിങ്ങിന്റെ കാര്യക്ഷമതയില്ലായ്മയായിരുന്നില്ല. മറിച്ച്‌, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തെ പുതുക്കേണ്ടതുണ്ട് എന്ന ധാരണ പൊതുവില്‍ ശക്തമായിരുന്നു.

നിരവധി യുപിഎ സഖ്യകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നേരില്‍ക്കണ്ട് രാഹുലിന് പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു. പാര്‍ട്ടിയും സഖ്യവും ജനപിന്തുണയുടെ കാര്യത്തില്‍ ഇടിവ് നേരിടുന്ന വസ്തുത അന്നേക്ക് തിരിച്ചറിയപ്പെട്ടിരുന്നു. അടിത്തറയില്‍ തന്നെ മാറ്റം വരണമെന്ന് അവര്‍ ആഗ്രഹിച്ചു. കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് കമ്മറ്റി മെമ്ബറായിരുന്ന കെഎച്ച്‌ മുനിയപ്പ ഈ ചര്‍ച്ചകളില്‍ സാന്നിധ്യമായിരുന്നു. ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത.

അതെസമയം, ഈ ആവശ്യത്തോട് സോണിയ ഗാന്ധി മുഖം തിരിക്കുകയാണുണ്ടായത്. രാഹുലിനെ അധികാരത്തിലേറ്റാന്‍ സമയമായിട്ടില്ല എന്ന നിലപാട് അവരെടുത്തു. പിന്നീടുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്ബെ തകര്‍ന്നടിഞ്ഞു. രാജ്യത്തിന്റെ മുക്കാല്‍ പങ്കും ബിജെപിയുടെ കൈകളിലേക്ക് പോയി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് ഒരു തിരിച്ചുവരവിന്റെ പാതയിലെത്തിയത്.

മുനിയപ്പ പറയുന്നതു പ്രകാരം ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഒരാളെ കണ്ടെത്തുക കോണ്‍ഗ്രസ്സിന് ഇപ്പോള്‍ സാധ്യമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ പോന്ന ഒരു സ്ട്രാറ്റജി തീരുമാനിക്കണം. അത് രാഹുലിലൂടെ നടപ്പാക്കണം: മുനിയപ്പ പറയുന്നു.

ഈ വാര്‍ത്ത അക്കാലത്തു തന്നെ ഊഹങ്ങളായി പുറത്തു വന്നിരുന്നെങ്കിലും പ്രസ്തുത ചര്‍ച്ചകളിലുള്‍പ്പെട്ട ഒരു നേതാവ് കാര്യം പുറത്തു പറയുന്നത് ഇതാദ്യമാണ്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വം വലിയ തോതില്‍ എതിര്‍പ്പുകള്‍ നേരിടുന്ന സന്ദര്‍ഭമായിരുന്നു അത്. ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു.


Next Story

Related Stories