TopTop

'നുണ.. നുണ.. നുണ, ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നു'; വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി

പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ രാഹുൽ ഗാന്ധി. ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് കോൺഗ്രസ് മുൻ‌ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ആരോപണം. രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്റെ ബിബിസി റിപ്പോർട്ട് സഹിതമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

നുണ, നുണ, നുണ എന്ന എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണന്നുള്ള ഒരു കുറിപ്പും ഇതിനോടൊപ്പം കുറിച്ചിട്ടുണ്ട്.



എൻ ആർസി നടപ്പാക്കുന്നതിന് പിന്നാലെ പൗരൻമാരല്ലാതാവുന്നവരെ പാർപ്പിക്കാൻ കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നായിരുന്നു രാം ലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ പരാമർശം. 'കോൺഗ്രസും നഗര നക്സലുകളും മുസ്​ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരത്തുന്നു. രാജ്യത്തെ മുസ്​ലിംകളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ല. രാജ്യത്ത് ഒരു തടങ്കൽ കേന്ദ്രവും ഇല്ല'. രാജ്യത്തെ മുസ്​ലിംങ്ങൾക്ക് പൗരത്വ നിയമവും എൻആർസിയും ബാധകമല്ല. 2014 മുതൽ എൻ‌ആർ‌സിയെക്കുറിച്ച് എവിടെയും ചർച്ച നടന്നിട്ടില്ല. . സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് ഇത് അസമിൽ നടപ്പാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

ഇതിന് പിന്തുണയുമായി അഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ കനത്ത സാഹചര്യത്തിൽ കൂടിയായിരുന്നു പരാമർശങ്ങൾ.


Next Story

Related Stories