TopTop
Begin typing your search above and press return to search.

കാര്‍ഷിക നിയമം നടപ്പായാല്‍ കര്‍ഷകര്‍ ഏതാനും കോര്‍പ്പറേറ്റുകളുടെ അടിമകളാകുമെന്ന് രാഹുല്‍ ഗാന്ധി; ഖേതി ബെച്ചാവോ യാത്ര ഹരിയാനയില്‍

കാര്‍ഷിക നിയമം നടപ്പായാല്‍ കര്‍ഷകര്‍ ഏതാനും കോര്‍പ്പറേറ്റുകളുടെ അടിമകളാകുമെന്ന് രാഹുല്‍ ഗാന്ധി; ഖേതി ബെച്ചാവോ യാത്ര ഹരിയാനയില്‍

ബിജെപി സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പായാല്‍ കര്‍ഷകരും തൊഴിലാളികളും ഏതാനും കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. കാര്‍ഷിക ബില്ലിനെതിരായ ഖേതി ബെച്ചാവോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിലെ പെഹോവയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

കൃഷി അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ അനവധിയാണ്. ലക്ഷകണക്കിനാളുകള്‍ മാണ്ഡികളില്‍ ജോലി ചെയ്യുന്നു. മാണ്ഡികള്‍ ഇല്ലാതെയായാല്‍ അവരെല്ലാം എവിടെപ്പോകും. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ഭൂമി തട്ടിയെടുക്കപ്പെടുമെന്ന് രാഹുല്‍ ഒരിക്കല്‍ പറഞ്ഞതായി നിങ്ങള്‍ ഓര്‍ക്കുക.

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ ഭൂമി തെരഞ്ഞെടുത്ത കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കും. കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമല്ല, രാജ്യത്തിനാകെയാണ് നഷ്ടം. നിങ്ങളുടെ ഭൂമി പോകുമ്പോള്‍ അവര്‍ മാളുകളും ഫ്‌ളാറ്റുകളും നിര്‍മ്മിക്കും. അത്തരമൊരു കാര്യം സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത് സംഭവിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഞങ്ങള്‍ ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും ഈ പോരാട്ടം ഞങ്ങള്‍ തുടരുമെന്നും ഉറപ്പ് നല്‍കാന്‍ എനിക്കു കഴിയും. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഈ നിയമങ്ങള്‍ റദ്ദാക്കും- രാഹുല്‍ പറഞ്ഞു.

പഞ്ചാബില്‍ റാലി പൂര്‍ത്തിയാക്കിയശേഷമാണ് രാഹുല്‍ ഹരിയാനയില്‍ എത്തിയത്. സംസ്ഥാന അതിര്‍ത്തിയായ സിര്‍സയില്‍ രാഹുലിനെ അധികൃതര്‍ തടഞ്ഞിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ 5000 മണിക്കൂര്‍ എടുത്താല്‍ പോലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ഒരു മണിക്കൂറിനുശേഷമാണ് രാഹുല്‍ ഉള്‍പ്പെടെ മൂന്ന് ട്രാക്ടറുകള്‍ക്ക് പ്രവേശനം അനുവദിച്ചത്. ഹരിയാനയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജ, മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, രണ്‍ദീപ് സിംഗ് സുര്‍ജേവാല, കിരണ്‍ ചൗധരി, അജയ് സിംഗ് യാദവ്, ഹരിയാനയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള വിവേക് ബന്‍സല്‍ എന്നിവര്‍ രാഹുലിനൊപ്പം റാലിയില്‍ പങ്കെടുത്തു. ഹരിയാനയില്‍ രണ്ടുദിവസമാണ് പര്യടനം. തുടര്‍ന്ന് ഡല്‍ഹിയില്‍ വലിയ കര്‍ഷക മാര്‍ച്ചോടു കൂടിയാകും ട്രാക്ടര്‍ റാലി അവസാനിയ്ക്കുക.


Next Story

Related Stories