Top

മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ചൂടില്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി കംബോഡിയയില്‍ വിപാസന ധ്യാനത്തില്‍

മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ചൂടില്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി കംബോഡിയയില്‍ വിപാസന ധ്യാനത്തില്‍

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് ശേഷിക്കെ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിദേശത്തേക്കു പോയത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും സുപ്രധാനമായ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രധാന നേതാവ് വിദേശത്തേക്ക് പോയത് എന്തിനെന്നാണ് പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. രാഹുല്‍ കംബോഡിയയില്‍ വിപാസന ധ്യാനത്തിലെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാലു ദിവസത്തെ യാത്രക്കാണ് അദ്ദേഹം പോയതെന്നും ഫോണ്‍വിളികളോട് പ്രതികരിക്കുന്നില്ല എന്നുമാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും രാഹുല്‍ മ്യാന്മറിലും കംബോഡിയയിലുമായി ഒന്നര മാസത്തോളം ധ്യാനത്തിന് പോയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ധ്യാനത്തിന് ശേഷമുള്ള രാഹുലിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജസ്വലവും ആത്മവിശ്വാസം നിറഞ്ഞതുമായിരുന്നു.

ഇത്തവണയും ധ്യാനത്തിന് ശേഷം തിരിച്ചെത്തുന്ന രാഹുലില്‍ നിന്ന് അത്തരം ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം രാഹുലുമായി അടുപ്പമുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോവുകയും പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ അദ്ദേഹത്തോട് അന്യായമായി പെരുമാറിയെന്നുള്ള ആരോപണങ്ങളിലും കോണ്‍ഗ്രസില്‍ അടുത്തിടെ നടന്ന സംഭവവികാസങ്ങളില്‍ തന്റെ അതൃപ്തി പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണോ ഇതെന്ന ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

ദസറയ്ക്ക് ശേഷം രാഹുല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും ഒക്ടോബര്‍ 21 ന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും ഇരു സംസ്ഥാനങ്ങളിലും താരപ്രചാരകരുടെ പട്ടികയില്‍ രാഹുലിന്റെ പേരുണ്ടെന്നും അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പക്ഷെ 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും, 208-ലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ രാഹുല്‍ തന്റെ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുഖമായിരിക്കില്ല എന്നാണ് സൂചനകള്‍.


Next Story

Related Stories