TopTop

പൗരത്വ പ്രതിഷേധക്കാരെ യുപി പോലീസ് 'പൈശാചികമായി' നേരിടുന്നു, മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി കോൺഗ്രസ്

പൗരത്വ പ്രതിഷേധക്കാരെ യുപി പോലീസ്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഉത്തർ പ്രദേശിൽ പോലീസ് നടത്തിയത് ക്രൂര പീഡനങ്ങളെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഉത്തര്‍ പ്രദേശിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹർജി നൽകിയത്.

പരാതി നല്‍കാൻ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്.എൽ ദത്തുവിന് മുന്നില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് ഹാജരായി. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ വൻ പ്രതിഷേധം നടക്കുന്ന ഉത്തർ പ്രദേശിൽ ജനങ്ങള്‍ക്ക് നേരെ ക്രൂരമായാണ് പോലീസ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് സംഘം ആരോപിച്ചു.

നേരത്തെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടി അഭിഭാഷകരുടെ സംഘത്തെയും പ്രിയങ്ക തയ്യാറാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ നേതാക്കളായ മൊഹ്‌സീന കിഡ്‌വായ്, സൽമാൻ ഖുർഷിദ്, പി എൽ പുനിയ, ജിതിൻ പ്രസാദ്, അഭിഷേക് സിംഗ്വി, രാജീവ് ശുക്ല, യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു എന്നിവരും സംഘത്തിൽ‌ ഉണ്ടായിരുന്നു.

പൗരത്വ വിഷയത്തിൽ വൻ പ്രതിഷേധം നടക്കുന്ന യുപിയിലെ വിവിധ മേഖലകളിൽ പോലീസ് ആക്രമണം അഴിച്ചു വിടുകയാണെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സംഘപരിവാര്‍ സംഘടനകളും അക്രമം നടത്തുകയാണെന്നും ആരോപണമുണ്ട്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമ‍ര്‍ത്തുമെന്ന് നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.


Next Story

Related Stories