നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് കുറച്ച് ഭക്ഷണമെങ്കിലും കിട്ടും... സഖാവേ കനിയണം....
ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലാതെ മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന 80 ഓളം വനിതാ റെയില്‍ വേ ജീവനക്കാര്‍ ഒരു ജനപ്രതിനിധിക്കയച്ച വാട്ട്സ് ആപ് മെസ്സേജിലെ വരികളാണിവ. 380 ഓളം റെയില്‍ വേ ജീവനക്കാർ മംഗലാപുരത്ത് കുടുങ്ങിക്കിടക്കുന്നു. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്, പനമ്പൂര്‍ എന്നിവിടങ്ങളിലായി ഭക്ഷണം പോലും ലഭിക്കാതെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് ദക്ഷിണ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന് മംഗലാപുരം ബ്രാഞ്ചിലെ ഭാരവാഹികളിലൊരാള്‍ പറഞ്ഞു. കുടുങ്ങി കിടക്കുന്നവരില്‍ 80 ഓളം പേര് സ്ത്രീകളാണ്. ഭക്ഷണത്തിന് പൊലും ക്ഷാമം നേരിടുന്ന സമയത്ത് ഇവരെ നാട്ടിലെത്തിക്കാൻ റെയിൽവെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. പ്രശ്നത്തിൽ ഇടപെടണമെന്ന് കാണിച്ച് ജീവനക്കാർ കെ കെ രാഗേഷ് എംപിയ്ക്ക് സന്ദേശം അയച്ചു. അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടുണ്ടെന്ന് കെ കെ രാഗേഷ് അഴിമുഖത്തോട് പറഞ്ഞു.
ഇത്രയധികം ജീവനക്കാർ മംഗലാപുരത്ത് അവിടെ ആവശ്യമില്ലെന്നും അടിയന്തിര ഘട്ടങ്ങളില്‍ ഡ്യൂട്ടിക്ക് ഇറങ്ങാന്‍ മതിയായ ആളുകൾ ഇവിടെ ഉണ്ടെന്നും അതിനാല്‍ ഇവിടെ കുടുങ്ങി കിടക്കുന്ന വനിതാ സ്റ്റാഫുകളെ എങ്ങിനെ എങ്കിലും കേരളത്തില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
കേരള സര്‍ക്കാര്‍ നല്കുന്ന പോലെ ഭക്ഷണമൊ മറ്റു സൗകര്യങ്ങളൊ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന് ഭാരവാഹികളിലൊരാള്‍ പറഞ്ഞു. ഡ്യൂട്ടി എടുക്കണമെന്ന് പറയുകയല്ലാതെ ഭക്ഷണ കാര്യത്തിലൊ മറ്റു സൗകര്യങ്ങളൊ റെയില്‍വെ തൊഴിലാളികള്‍ക്ക് ചെയ്ത് തരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലാളികള്‍ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. ഇവരെ നാട്ടിലെത്തിക്കുന്നതിന് പാലക്കാട് ഡിവിന് ഡി.ആര്.എമ്മുമായൊ സര്‍ക്കാരുമായോ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാളെ മുതല്‍ മംഗലാപുരം മാര്‍ക്കറ്റ് അടച്ചിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. "ഒറ്റപ്പെട്ട കടകള്‍ മാത്രമെ തുറക്കൂ, ഇവയില്‍ പോയി ഇത്രയും സ്റ്റാഫുകള്‍ക്ക് ഭക്ഷണം വാങ്ങാനാവില്ല, ഇന്ന് രാവിലെ വരെ കടകളില്‍ വളരെ തിരക്കാണ് അനുഭവപ്പെട്ടത്. ഈ ഒരു സാഹചര്യത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ വളരെ ബുദ്ധിമുട്ടാകും. അതുകൊണ്ട് വനിതാ തൊഴിലാളികളെയും രോഗികളായ സ്റ്റാഫിനെയും പ്രായമായ തൊഴിലാളികളെയും എങ്ങനെ എങ്കിലും നാട്ടില്‍ എത്തിക്കാനുള്ള ഒരു തീരുമാനം ഉണ്ടാക്കി തരണം", ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന് ഭാരവാഹികളിലൊരാള്‍ പറയുന്നു.
നാളെ രാവിലെ ഏഴു മണിക്ക് ഡ്യൂട്ടി സ്റ്റാഫിന് വേണ്ടി ഷൊര്‍ണ്ണൂരില്‍ നിന്ന് ഒരു വണ്ടി കേരള അതിര്‍ത്തിയായ മഞ്ചേശ്വരം വരെ വരുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്, ആ വണ്ടി മംഗലാപുരം സെന്ട്രലിലൊ അല്ലെങ്കില്‍ അതിന്റെ കുറച്ച് അപ്പുറമൊ നിര്‍ത്തി തന്നാല്‍ വനിതാ തൊഴിലാളികളെ അവിടെ വന്ന് കയറ്റി വിടാനുള്ള സൗകര്യം തങ്ങള്‍ ഒരുക്കാമെന്നും യൂണിയൻ പറയുന്നു.
കേരളത്തില്‍ എത്തിയാല്‍ സര്‍ക്കാര്‍ പറയുന്ന ഏത് നിരീക്ഷണ നടപടികളും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് കുറച്ച് ഭക്ഷണമെങ്കിലും കിട്ടും എന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. വനിതാ തൊഴിലാളികള്‍ കെ.കെ രാഗേഷ് എം.പിക്ക് നല്കിയ വാട്ട്സാപ് മെസ്സേജ്: ബഹുമാനപെട്ട എം പി അറിയുന്നതിലേക്ക് , സര് ഞങ്ങള്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ മംഗലാപുരത്ത് കഴിയുന്ന 80 ഓളം വരുന്ന റെയില്‍വെ ജീവനക്കാരാണ് .കാസര്‍ഗോഡ് മുതല്‍ പാലക്കാടു വരെയുള്ള ജില്ലയിലുള്ളവരാണ് ഞങ്ങള്‍. ഇതില്‍ ഗര്‍ഭിണികളും പ്രായമായവരും ഉള്‍പ്പെടുന്നു. കര്‍ണ്ണാടകയില്‍ കര്‍ഫ്യു ആയതിനാല്‍ ഭക്ഷണ കാര്യവും പരിതാപകരമാണ്. കേരള സര്‍ക്കാര്‍ നല്കുന്നതു പോലുള്ള ഭക്ഷണ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. നാളെ മുതല്‍ മംഗലാപുരത്ത് മാര്‍ക്കറ്റും അടയ്ക്കുകയാണ്. ഇന്ന് രാവിലെ അരി പോലും കിട്ടാത്ത അവസ്ഥ വന്നു അതു കൊണ്ട് ഇനിയങ്ങോട്ടേക്ക് ഭക്ഷണം പോലും സങ്കല്പമായേക്കാം. ഇന്ന് ഉച്ചയ്ക്ക് സ്റ്റാഫിനു വേണ്ടി ഒരു വര്‍ക്കേഴ്സ് സ്പെഷ്യല്‍ ട്രൈന്‍ മഞ്ചേശ്വരത്തു നിന്നും സ്റ്റാര്‍ട്ട് ചെയ്യുന്നുണ്ട്. ഈ ട്രൈന്‍ മംഗലാപുരത്തു നിന്നു സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഒരു സൗകര്യം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. (കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേരളത്തിലേക്ക് വരാന്‍ ലേഡീസിനെ സഹായിച്ച പോലെ ഞങ്ങളെയും നാട്ടിലെത്തിക്കാന്‍ സഹായിക്കണം നാട്ടിലെത്തിയാല്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന എല്ലാ നിയമങ്ങളും പാലിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് നിസ്സഹായരായ ഒരു കൂട്ടം വനിതാ തൊഴിലാളികള്‍
മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന വനിതാ തൊഴിലാളികളെ നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍ വേ സഹമന്ത്രി സുരേഷ് സി അങ്ങാടിക്ക് കത്തയച്ചിട്ടുണ്ടെന്നും പാലക്കാട് ഡിവിഷണല്‍ മാനേജറെ നേരിട്ട് വിളിച്ചുവെന്നും കെ.കെ രാഗേഷ് എം.പി അഴിമുഖത്തോട് പറഞ്ഞു.
*തിരുത്ത്: ഈ റിപ്പോര്‍ട്ടില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ പേര് തെറ്റായി രേഖപ്പെടുത്താന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത പിഴവ് തിരുത്തിയതായി അറിയിക്കുന്നു- എഡിറ്റര്‍