TopTop

സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ കമലുമായി സഖ്യം ചേരുമെന്ന് രജിനികാന്ത്

സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ കമലുമായി സഖ്യം ചേരുമെന്ന് രജിനികാന്ത്

രാഷ്ട്രീയ സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ തമിഴ്നാട്ടിലെ ജനതയ്ക്കായി കമൽ ഹാസനുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് നടൻ രജിനികാന്ത്. "ജനങ്ങളുടെ നന്മയ്ക്ക് ഞങ്ങൾ ഒരുമിക്കണമെന്ന് സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ കമൽ ഹാസനൊപ്പം പ്രവർത്തിക്കും," അദ്ദേഹം പറഞ്ഞു.

രജിനികാന്തുമൊന്നിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ അത് ചെയ്യുമെന്ന് കഴിഞ്ഞദിവസം കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരണമായാണ് തന്റെ അനുകൂല മനസ്ഥിതി രജിനി അറിയിച്ചത്. കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ നേതാക്കളും ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചു.

നേരത്തെ തന്നെ ഇരുവരും സഖ്യത്തിലേർപ്പെടുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് ഡിഎംകെ അതിശക്തമായ നിലയിലാണ് ഇപ്പോഴുള്ളത്. വേറിട്ടു നിൽക്കുന്നത് വോട്ടുകൾ ഭിന്നിക്കുന്നതിനും രണ്ടുകൂട്ടർക്കും ഗുണമൊന്നും ലഭിക്കാതിരിക്കുന്നതിനും കാരണമായേക്കുമെന്നും വിലയിരുത്തലുകളുണ്ടായി. ഇതിനിടെയാണ് താൻ കാവി രാഷ്ട്രീയക്കാരനല്ലെന്നും അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി രജിനി രംഗത്തു വന്നത്. രജിനിയുടെ കാവി ആഭിമുഖ്യം പല സാധ്യതകളും ഇല്ലാതാക്കുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുള്ള കമല്‍, പുതിയ നിലപാട് പ്രഖ്യാപനത്തോടെ അടുപ്പം കാണിക്കുകയായിരുന്നു. തന്റെ സിനിമാജീവിതത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് രജിനിയുമായി സഹകരിക്കാൻ സന്നദ്ധനാണെന്ന് കമൽ പ്രഖ്യാപിച്ചു.

തങ്ങൾ രാഷ്ട്രീയത്തിൽ ഒരുമിക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്നും വളരെ വർഷങ്ങളായി സൗഹൃദമുള്ളവരാണെന്നും കമൽ പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി.

അതെസമയം രജിനികാന്ത് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ഫാൻസ് ക്ലബ്ബുകൾ വഴി പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അദ്ദേഹം.


Next Story

Related Stories