TopTop
Begin typing your search above and press return to search.

'ജിന്നയുടെ ശവകുടീരത്തിലാവും പൗരത്വബിൽ തങ്കലിപികളിൽ കുറിക്കപ്പെടുക' മോദിയെ പരിഹസിച്ച് പ്രതിപക്ഷം രാജ്യസഭയിൽ

ജിന്നയുടെ ശവകുടീരത്തിലാവും പൗരത്വബിൽ തങ്കലിപികളിൽ കുറിക്കപ്പെടുക മോദിയെ പരിഹസിച്ച് പ്രതിപക്ഷം രാജ്യസഭയിൽ

പൗരത്വ ഭേദഗതി ബില്ലിനെകുറിച്ച് രൂക്ഷമായ ചര്‍ച്ചയാണ് രാജ്യസഭയില്‍ നടക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ബില്ലിനെക്കുറിച്ച് ഭയക്കേണ്ടതില്ലെന്ന് പറഞ്ഞാണ് ആഭ്യന്തരമന്ത്രി ബില്ല് അവതരിപ്പിച്ചത്. ആനന്ദ ശര്‍മ്മയാണ് കോണ്‍ഗ്രസിന് വേണ്ടി ആദ്യം സംസാരിച്ചത്. ഇന്ത്യയുടെ ആത്മാവിനെതിരായ കൈയേറ്റമായാണ് അദ്ദേഹം ബില്ലിനെ വിശേഷിപ്പിച്ചത്. പാകിസ്താനിലെ മത ന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്നവര്‍ ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മറച്ച് പിടിക്കുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയാണ് ബില്ലിലൂടെ ആക്രമിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. അസമിലെ ജനങ്ങള്‍ എന്തിനാണ് തെരുവിലിറങ്ങിയതെന്ന് ആഭ്യന്തര മന്ത്രി മനസ്സിലാക്കണം. രാജ്യത്തെമ്പാടും തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കപ്പെടുമെന്ന ആശങ്കയാണ് പുതിയ നിയമ നിര്‍മ്മാണ നീക്കത്തോടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നെതെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. സ്വതന്ത്ര്യത്തിന് മുമ്പ് രണ്ട് രാജ്യം സിദ്ധാന്തം അവതരിപ്പിച്ചത് ഹിന്ദു മഹാസഭയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജിന്ന പറയുന്നതിന് മുമ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ രൂക്ഷമായ വിമര്‍ശനമാണ് ബില്ലിനെതിരെ നടത്തിയത്. 'ഒരു നവംബറില്‍ നിങ്ങള്‍ ദരിദ്രര്‍ക്ക് അവരുടെ പണം നിഷേധിച്ചു. ജിഎസ്ടിയിലൂടെ ബിസിനസുകാര്ക്ക് അവരുടെ ലാഭം നിഷേധിച്ചു, 370-ാം വകുപ്പ് എടുത്ത് കളഞ്ഞതോടെ കാശ്മീരികള്‍ക്ക് അവരുടെ വീട് പോലും നിഷേധിച്ചു'. മുസ്ലീങ്ങളോട് ഒന്നും ഭയക്കേണ്ടെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ഇതുതന്നെയാണ് നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ പ്രധാനമന്ത്രി മോദി പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമം തങ്കലിപികളില്‍ എഴുതപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് സത്യമാണ്. എന്നാല്‍ മുഹമ്മദലി ജിന്നയുടെ ശവകുടിരത്തിലാവും അത് തങ്കലിപികളിലുണ്ടാവുകയെന്ന് ഒബ്രിയന്‍ പറഞ്ഞു. പാകിസ്താനിൽ പീഡിപ്പിക്കപ്പെടുന്നവരിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരുമുണ്ടെന്ന് സിപിഎം അംഗം ടി കെ രംഗരാജൻ ചൂണ്ടിക്കാട്ടി. ശ്രീലങ്കയിൽ പീഡനം അനുഭവിക്കുന്ന തമിഴരുണ്ട്. സംരക്ഷണം മതത്തിൻ്റെ അടിസ്ഥാനത്തിലാവരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആറ് മണിക്കൂറാണ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. ചോദ്യത്തരവേളയും ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയും മാറ്റി നിര്‍ത്തിയാണ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുന്നത്. സ്വന്തം നിലയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും ബില്ല് രാജ്യസഭയില്‍ പാസ്സാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താന്റെ ഭാഷയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.


Next Story

Related Stories