TopTop
Begin typing your search above and press return to search.

സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭ എംപിയുമായ അമർ സിംഗ് അന്തരിച്ചു

സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭ എംപിയുമായ അമർ സിംഗ് അന്തരിച്ചു

സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് അന്തരിച്ചു. 64 വയസ്സായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ ഏഴ് മാസമായി ഇവിടെയായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയയ്ക്കായാണ് മാർച്ചിൽ സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമാജ് വാദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 2008ൽ യുഎസ്സുമായുള്ള ആണവകരാറിൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ച സമയത്ത് സമാജ് വാദി പാർട്ടി സർക്കാരിനെ പിന്തുണച്ചതിൽ, ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അമർ സിംഗിന്റെ ഇടപെടൽ നിർണായകമായിരുന്നു.

അമർ സിംഗ് ആണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത്. ജയ ബച്ചനും എസ് പിയുടെ രാജ്യസഭാംഗവും ജയപ്രദ എസ് പിയുടെ ലോക് സഭാംഗവും ആവുകയും ചെയ്തു. ചന്ദ്രബാബു നായിഡുവുമായി തെറ്റി ടിഡിപി വിട്ട ജയപ്രദയെ സമാജ് വാദി പാർട്ടിയിലേയ്ക്ക് കൊണ്ടുവന്നത് അമർ സിംഗാണ്. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്ന് 2004ലും 2009ലും എസ് പി ടിക്കറ്റിൽ അവർ ലോക്സഭയിലെത്തി.

അമർ സിംഗിനേയും ജയപ്രദയേയും 2010 ഫെബ്രുവരിയിൽ മുലായം സിംഗ് യാദവിന്റെ നേതൃത്വം എസ് പിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു നടപടി. മുലായം തനിക്ക് "മോചനം നൽകി അനുഗ്രഹിച്ചു" എന്നായിരുന്നു അന്ന് അമർ സിംഗിന്റെ പ്രതികരണം. ജയ ബച്ചൻ എസ് പിയുടെ രാജ്യസഭാംഗമായി തുടരുന്നു. അമർ സിംഗും ജയപ്രദയും 2014ൽ അജിത്ത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിൽ (ആർഎൽഡി) ചേർന്നു. ജയപ്രദ പിന്നീട് 2019ൽ ബിജെപിയിൽ ചേർന്നു.

ജയ ബച്ചനെതിരെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ബച്ചൻ കുടുംബവുമായുള്ള അമർ സിംഗിന്റെ ബന്ധം 2016 മുതൽ ഏതാണ്ട് ഇല്ലാതായിരുന്നു. ബച്ചൻ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഖേദിക്കുന്നു എന്ന് ഈ വർഷം ഫെബ്രുവരിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമർ സിംഗ് പറഞ്ഞിരുന്നു. 1996 മുതൽ 2010 വരെ സമാജ് വാദി പാർട്ടിയുടെ രാജ്യസഭാംഗമായിരുന്ന അമർ സിംഗിനെ 2010ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിൽ 2016ൽ വീണ്ടും രാജ്യസഭാംഗമാകാൻ അമർ സിംഗിനെ സഹായിച്ചത് എസ് പി തന്നെയായിരുന്നു.


Next Story

Related Stories