മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ പാര്‍ലമെന്റ് വളയുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ഡല്‍ഹി മാര്‍ച്ചിനായുള്ള ആഹ്വാനം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും കര്‍ഷകരോട് തയ്യാറായി ഇരിക്കാനും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാജസ്ഥാനിലെ സിക്കാറില്‍ യുണൈറ്റഡ് കിസാന്‍ മോര്‍ച്ചയുടെ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് ഞങ്ങള്‍ ഘെരാവോ ചെയ്യും. ഡല്‍ഹി ലക്ഷ്യമിട്ടുള്ള മാര്‍ച്ച് എപ്പോഴാണെന്ന് ഉടന്‍ പ്രഖ്യാപിക്കും. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകള്‍ ഇത്തവണ അണിനിരക്കും രാജസ്ഥാനിലെ സികാറില്‍ കിസാന്‍ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് ടികായത് പറഞ്ഞു.
കര്‍ഷകര്‍ ഇന്ത്യാ ഗേറ്റിനടുത്തുള്ള പാര്‍ക്കുകള്‍ ഉഴുതുമറിക്കുകയും അവിടെ വിളകള്‍ ഇറക്കുമെന്നും ടികായത് പറഞ്ഞു. പാര്‍ലമെന്റ് ഘെരാവോ ചെയ്യാനുള്ള തീയതി നേതാക്കള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 26 ന് രാജ്യത്തെ കര്‍ഷകരെ അപമാനിക്കാനുള്ള ഗൂഢാലോചന നടന്നതായും ട്രാക്ടര്‍ പരേഡില്‍ ദേശീയ തലസ്ഥാനത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. മൂന്നാംഘട്ട സമരപരിപാടി ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സമരസമിതി അറിയിച്ചു. ഇതിനായി സമരകേന്ദ്രമായ സിംഘു അതിർത്തിയിൽ യോഗം ചേരും. ബുധനാഴ്ച താലൂക്ക്- ജില്ല ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. ഫെബ്രുവരി 26ന് യുവകിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി സമരകേന്ദ്രങ്ങളുടെ നിയന്ത്രണച്ചുമതല യുവാക്കൾക്ക് നൽകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കൾ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും. ഗുരു രവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷി ദിനവുമായ 27ന് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യദിനമായി ആചരിക്കുമെന്നും കഴിഞ്ഞ ദിവസം സമരസമിതി അറിയിച്ചിരുന്നു.