2019 പൊതുതെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയകക്ഷി നേതാക്കളുടെ പേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് ഫേസ്ബുക്ക് ആസൂത്രിതമായ ശ്രമം നടത്തിയെന്ന ആരോപണവുമായി കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് അയച്ച ഔദ്യോഗിക കത്തിലാണ് കേന്ദ്രമന്ത്രി ഈ ആരോപണമുന്നയിച്ചത്. ഇന്ത്യയില്‍ ഫേസ്ബുക്കിനെയും വാട്സാപ്പിനെയും നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷി വിജയിച്ചെന്നത് ചൂണ്ടിക്കാട്ടുന്ന ലേഖനം വാള്‍സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന് എന്നീ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെയും കാബിനറ്റ് മന്ത്രിമാരെയും അധിക്ഷേപിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് ഇതെല്ലാം ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നുമുള്ള ആരോപണവും രവിശങ്കര്‍ പ്രസാദ് കത്തില്‍ ഉന്നയിക്കുന്നുണ്ട്. തീവ്രവലത് കക്ഷികളുടെ നേതാക്കളെയും അണികളെയും ലക്ഷ്യം വെച്ച് തെരഞ്ഞെടുപ്പുകാലത്ത് ഫേസ്ബുക്ക് പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് തെളിവുസഹിതം ഉന്നയിച്ച ആരോപണത്തിന് വിരുദ്ധമായ ആരോപണമാണ് കേന്ദ്രം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഫേസ്ബുക്കിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് ആജീവനാന്ത വിലക്ക് നേരിട്ട ബിജെപി പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും അതേ പ്ലാറ്റ്ഫോമില്‍ സജീവമാണ് എന്നതായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
തങ്ങളുടെ കക്ഷിയില്‍ പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാതിയുന്നയിച്ച് നിരവധി പേര് മെയിലുകളയച്ചെങ്കിലും അവയ്ക്കൊന്നും ഫേസ്ബുക്ക് മറുപടി നല്‍കിയില്ലെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിക്കുന്നു. ഫേസ്ബുക്കിന്റെ മാനേജിങ് ഡയറക്ടര്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നയാളാണെന്നും പ്രസ്തുത പാര്‍ട്ടി കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും മന്ത്രി കത്തില്‍ പറയുന്നു.
രാജ്യത്തെ രാഷ്ട്രീയസ്ഥിരത ഇല്ലായ്മ ചെയ്യാനായി പ്രവര്‍ത്തിക്കുന്ന 'റാഡിക്കല്‍' ഗ്രൂപ്പുകള്‍ക്ക് വഴങ്ങാന്‍ ഫേസ്ബുക്ക് തയ്യാറാവരുതെന്ന് രവിശങ്കര്‍ പ്രസാദ് കത്തില്‍ ആവശ്യപ്പെട്ടു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ തടയുന്ന ലോബിക്ക് വഴങ്ങരുത്. കമ്പനിയില്‍ നിന്ന് ചില കാര്യങ്ങള്‍ മാത്രം മാധ്യമങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'സെലക്ടീവ് ലീക്ക്' എന്ന വാക്കാണ് രവിശങ്കര്‍ പ്രസാദ് ഉപയോഗിച്ചത്.
നാളെ (സെപ്തംബര്‍ 2) ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മറ്റിക്കു മുമ്പാകെ ഫേസ്ബുക്ക് ഹാജരാകാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിനെതിരെ നേരിട്ടുള്ള ആക്രമണവുമായി രവിശങ്കര്‍ പ്രസാദ് എത്തിയിരിക്കുന്നത്.