TopTop

"വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ ശക്തം": വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുത്ത് റിസര്‍വ് ബാങ്ക്

"വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ ശക്തം": വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുത്ത് റിസര്‍വ് ബാങ്ക്

കൊറോണവൈറസ് വ്യാപനത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചതാണ് പ്രധാന നടപടികളിലൊന്ന്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. സിആര്‍ആര്‍ ഒരു ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ പലിശനിരക്കില്‍ ഇളവ് വരുത്താന്‍ നിര്‍ബന്ധിതമാകും. വായ്പാ പലിശകള്‍ കുറയുന്നത് കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ആശ്വാസമാകും. വിപണിയില്‍ പണലഭ്യത കൂടും.

അതെസമയം വായ്പകള്‍ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു മാസത്തെ മോറട്ടോറിയമാണ് റിസര്‍വ്വ് ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ പണലഭ്യത ഇല്ലാതാകുന്ന പ്രതിസന്ധിയെ നേരിടുകയാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. വായ്പാ ലഭ്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. അടുത്തമാസം തുടക്കത്തില്‍ ചേരാനിരുന്ന യോഗമാണ് ഇന്ന് അടിയന്തിരമായി ചേര്‍ന്നത്. ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ സുരക്ഷിതമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വെല്ലുവിളികളുടെ സാഹചര്യമാണെങ്കിലും ശുഭാപ്തിവിശ്വാസം കൈവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ആവശ്യമായ നടപടികളെടുക്കും. സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കഴിഞ്ഞദിവസം നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് എങ്ങനെ നടപ്പാക്കുമെന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. നേരിട്ട് പാവങ്ങള്‍ക്ക് പണം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇത്രയും പണം എവിടെനിന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


Next Story

Related Stories