TopTop
Begin typing your search above and press return to search.

ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയത് ഏകപക്ഷീയം; പുനപ്പരിശോധന ആവശ്യമെന്ന് കർണാടക ഹൈക്കോടതി

ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയത് ഏകപക്ഷീയം; പുനപ്പരിശോധന ആവശ്യമെന്ന് കർണാടക ഹൈക്കോടതി

വർഷാവർഷമുള്ള ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ റദ്ദാക്കിയ നടപടി സർക്കാർ പുനപ്പരിശോധിക്കണമെന്ന് കർണാടക ഹൈക്കോടതി. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരെടുത്ത തീരുമാനത്തെ ഒരുകൂട്ടം സാമൂഹ്യപ്രവർത്തകർ ചേർന്ന് കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് യെദ്യൂരപ്പ സർക്കാർ ടിപ്പു ജയന്തി ഇനി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ടിപ്പു ജയന്തി ആഘോഷങ്ങൾ നടപ്പിലാക്കിയത്.

ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കാന്‍ ജൂലൈ 30 സർക്കാർ നടപ്പാക്കിയ തീരുമാനം പുനപ്പരിശോധിക്കാൻ ഒരു ഇടക്കാല ഉത്തരവിലൂടെ തങ്ങൾ ആവശ്യപ്പെടുന്നതായി കോടതി പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എസ്ആർ കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്.

കർണാടക സർക്കാർ ഒറ്റദിവസം കൊണ്ട് എടുത്ത തീരുമാനമാണിത് എന്നതിനാൽത്തന്നെ ഏകപക്ഷീയമാണെന്ന തോന്നലുണ്ടാകുന്നതായി കോടതി നിരീക്ഷിച്ചു.

ടിപ്പു സുൽത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്യാനും കർണാടകത്തിലെ ബിജെപി സർക്കാർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു.

'വിവാദപരവും വർഗീയവു'മായ ആഘോഷമെന്ന് വിശേഷിപ്പിച്ചാണ് ബിജെപി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയത്. എല്ലാ വർഷവും നവംബർ പത്തിന് ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചു വന്നിരുന്നതാണ്. 2015ൽ തുടങ്ങിയ ആ ആഘോഷം സിദ്ധരാമയ്യ ഭരണത്തിൽ നിന്നിറങ്ങുന്നതു വരെ തുടർന്നുവന്നു. ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനോട് ഈ ആഘോഷം ഉപേക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്മാറാൻ സർക്കാർ തയ്യാറാകുകയുണ്ടായില്ല.

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ 1799ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കൊലപ്പെടുത്തിയത്. ആധുനിക കർണാടകത്തിന്റെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു സുൽത്താനെ ദീർഘകാലമായി അവഗണിക്കുകയായിരുന്നു സർക്കാരുകൾ. അക്രമിയെന്നും മതാന്ധനെന്നും ബ്രിട്ടീഷുകാർ ചാർത്തിക്കൊടുത്ത പ്രതിച്ഛായയെ വോഡിയാർ രാജകുടുംബം പിൽക്കാലത്ത് സമർത്ഥമായി ഉപയോഗിച്ചെന്നും ടിപ്പു അവഗണിക്കപ്പെട്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. ടിപ്പു കൊല്ലപ്പെട്ടതിനു ശേഷം മൈസൂർ ഭരണം വോഡിയാർമാരെ ഏൽപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാർ. ടിപ്പു കർണാടകത്തെയും ദക്ഷിണേന്ത്യയെ ആകമാനവും ആധുനികീകരിച്ചത് പരിഗണിച്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു ബിജെപി.

ബിജെപിയുടെ അഭിപ്രായത്തിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയയാളാണ് ടിപ്പു. കന്നഡ ഭാഷയ്ക്ക് എതിരായിരുന്നു ടിപ്പുവെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ, ടിപ്പു ആധുനിക മനോഭാവമുള്ളയാളായിരുന്നെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അദ്ദേഹത്തിന് അക്കാലത്തുണ്ടായിരുന്ന അന്തർദ്ദേശീയ ബന്ധങ്ങൾ അതിശയകരമായിരുന്നെന്നും ടിപ്പുവിന്റെ കാഴ്ചപ്പാടുകൾ വിശാലമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനിൽപ്പ് ഐതിഹാസികമായിരുന്നെന്നും ചരിത്രമെഴുത്തുകാർ പറയുന്നു.

സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലാണ് കോൺഗ്രസ് ടിപ്പുവിനെ കാണുന്നത്. വോഡിയാർ രാജാക്കന്മാർ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി നിന്നപ്പോൾ ടിപ്പും അദ്ദേഹത്തിന്റെ പിതാവ് ഹൈദർ അലിയും ബ്രിട്ടീഷുകാരോട് പോരാടുകയാണുണ്ടായതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ടിപ്പുവിനെ കൊലപ്പെടുത്തിയ ശേഷം രാജാധികാരം ബ്രിട്ടീഷുകാർ കൈമാറിയത് കൃഷ്ണരാജ വോഡിയാർ മൂന്നാമനായിരുന്നു.


Next Story

Related Stories