TopTop
Begin typing your search above and press return to search.

വാക്‌സിന്‍ നയത്തിന്റെ കാര്യക്ഷമത പുനപരിശോധിക്കണം; വിദേശത്തുനിന്ന് വാക്‌സിന്‍ വാങ്ങുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് മധ്യപ്രദേശ് ഹൈക്കോടതി

വാക്‌സിന്‍ നയത്തിന്റെ കാര്യക്ഷമത പുനപരിശോധിക്കണം; വിദേശത്തുനിന്ന് വാക്‌സിന്‍ വാങ്ങുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് മധ്യപ്രദേശ് ഹൈക്കോടതി

വാക്‌സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പുതിയ നയത്തിന്റെ കാര്യക്ഷമത സര്‍ക്കാര്‍ പുനപരിശോധിക്കണം. ഇതുവരെ രാജ്യത്തെ എല്ലാ വാക്‌സിന്‍ കുത്തിവെപ്പുകളും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളെ വിടുന്നതിനുപകരം ആവശ്യമായ വാക്‌സിന്‍ രാജ്യത്തിനു പുറത്തുനിന്ന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം.

മെയ് മാസം നല്‍കാമെന്ന് അറിയിച്ചിരുന്ന വാക്‌സിന്‍ ഡോസുകളെ പകുതി പോലും ലഭിച്ചില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ ഡോസുകള്‍ പ്രാദേശിക നിര്‍മാതാക്കളില്‍നിന്നും ലഭിക്കുന്നില്ല. വാക്‌സിന്‍ വാങ്ങാന്‍ ആഗോള ടെണ്ടറിന് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്ന വാക്‌സിന്‍ ഡോസുകളുടെ പ്രാദേശിക വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്ന് ലൈസന്‍സ് നേടിക്കൊണ്ട് സംസ്ഥാനങ്ങളില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ചീഫ് ജസ്റ്റിസ് മൊഹമ്മദ് റഫീഖും ജസ്റ്റിസ് അതുല്‍ ശ്രീധരനും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

അന്താരാഷ്ട്ര വിപണിയില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ ആഗോള ടെണ്ടര്‍ വിളിച്ച സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന് അമിക്കസ് ക്യൂറി നമാന്‍ നാഗ്രത് കോടതിയെ അറിയിച്ചു. ഒട്ടനവധി സംസ്ഥാനങ്ങള്‍ ആഗോള ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുന്നതിന് വിദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യവും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.

മതിയായ വാക്‌സിന്‍ സ്ഥിരമായി വിതരണം ചെയ്യുന്നില്ലെങ്കില്‍ 2022 ജനുവരിയോടെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുകയെന്നത് ഒരു വിദൂര സാധ്യത മാത്രമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വാക്‌സിന്‍ നയത്തില്‍ പുനര്‍ വിചിന്തനം വേണം. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ വിദേശത്തുനിന്ന് ലഭ്യമാക്കി വിതരണം ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


Next Story

Related Stories