TopTop
Begin typing your search above and press return to search.

പൊതുക്ഷേമത്തിനായുള്ള സന്ന്യാസിമാരുടെ നീക്കത്തെ തടഞ്ഞാല്‍ നടപടി, പ്രിയങ്ക ഗാന്ധിയ്ക്ക് യുപി മുഖ്യമന്ത്രിയുടെ ഭീഷണി

പൊതുക്ഷേമത്തിനായുള്ള സന്ന്യാസിമാരുടെ നീക്കത്തെ തടഞ്ഞാല്‍ നടപടി, പ്രിയങ്ക ഗാന്ധിയ്ക്ക് യുപി മുഖ്യമന്ത്രിയുടെ ഭീഷണി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് ഭീഷണിയുടെ സ്വരത്തിൽ മറുപടിയുമായി ബിജെപി. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് പ്രിയങ്കയ്ക്ക് എതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ യോഗി യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും രൂക്ഷ ഭാഷയിൽ പ്രതികരണം എത്തുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ പ്രതികരണം. കാവി നിറത്തിന്‍റെ പ്രസക്തിയെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ശ്രമിക്കുന്നത് രാജ്യത്ത് അശാന്തി പടര്‍ത്തനാണ്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങി പാര്‍ട്ടികള്‍ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി അവര്‍ പരസ്പരം പിന്തുടരുകയാണ്. പ്രിയങ്ക ഗാന്ധി കലാപകാരികള്‍ക്ക് പിന്തുണ കൊടുക്കുകയാണെന്നും ദിനേശ് ശര്‍മ പറഞ്ഞു.

ഇതിന് പിന്നാലെയെത്തി യുപി മുഖ്യമന്ത്രിയുടെ ട്വീറ്റ്. കാവിയുടെ പൊതുക്ഷേമം എന്ന ഹാഷ് ടാഗോടെ ആയിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്. “പൊതുസേവനത്തിനും പൊതുക്ഷേമത്തിനും വേണ്ടിയുള്ള സന്യാസിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർ ശിക്ഷിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയം പാരമ്പര്യമായി സ്വീകരിച്ച് സമാധാനിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് പൊതുസേവനത്തിന്റെ അർത്ഥം എങ്ങനെ മനസ്സിലാകും? ” എന്നായിരുന്നു ട്വീറ്റ്.

'എല്ലാം ഉപേക്ഷിച്ച് മുഖ്യമന്ത്രി യോഗി അദിത്യനാഥ് പൊതുസേവനത്തിനായി കാവി വസ്ത്രം ധരിച്ചു. അദ്ദേഹം കാവി ധരിക്കുക മാത്രമല്ല അതിനെ പ്രതിനിധീകരിക്കുന്നു. കാവി വസ്ത്രങ്ങൾ പൊതുക്ഷേമത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ളതാണ്, യോഗി ജി ആ പാതയിലൂടെ നടക്കുന്നു' എന്നും ട്വീറ്റ് അവകാശപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ഹിംസാത്‌മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും അവർ ആരോപിച്ചിരുന്നു. " തന്റെ സുരക്ഷയേക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണ്. ഉത്തർപ്രദേശ് പൊലീസിന്റെ ചെയ്തികളെ ന്യായീകരിക്കാനാവില്ല. ബിജ്‌നോറിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ പോലീസ് ഭീഷണിപ്പെടുത്തി. സംഘർഷത്തെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം," എന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടിയെടുക്കുമെന്ന ഭീഷണിയുമായി യുപി സർക്കാർ പ്രതിനിധികൾ തന്നെ രംഗത്തെത്തിയത്.


Next Story

Related Stories