TopTop

കിലോയ്ക്ക് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നല്‍കും - കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

കിലോയ്ക്ക് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നല്‍കും - കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

കൊറോണ വൈറസ് (കൊവിഡ് 19) വ്യാപനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുടെ സാഹചര്യത്തില്‍ കിലോയ്ക്ക് മൂന്ന് രൂപ വിലയില്‍ അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 80 കോടി പേര്‍ക്ക് അരി കിലോയ്ക്ക് മൂന്ന് രൂപയും ഗോതമ്പ് രണ്ട് രൂപയ്ക്കും നല്‍കും. നിലവില്‍ കിലോക്ക് 37 രൂപയുള്ള അരിയാണ് മൂന്ന് രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത് എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കാബിനറ്റ് തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യം 21 ദിവസത്തേയ്ക്ക് ലോക്ക് ഡൗണിലേയ്ക്ക് പോവുകയാണ് എന്ന ഇന്നലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയും കടകളില്‍ വലിയ തിക്കും തിരക്കും അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി മോദിയും ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ദിവസവേതന തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാരെ കണക്കിലെടുക്കാതെയും ആശ്വാസനടപടികൾ മുന്നോട്ടുവയ്ക്കാതെയുമാണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തിയത് എന്ന വിമർശനമുയർന്നിരുന്നു.

ആദ്യം ഈ പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടത് എന്നും കൊറോണ വൈറസ് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തികപ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഹെല്‍പ്പ്‌ലൈനുകള്‍ തുടങ്ങാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്ക് യാതൊരു തടസവുമുണ്ടാകില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.




Next Story

Related Stories