TopTop
Begin typing your search above and press return to search.

രാഷ്ട്രീയ നേട്ടത്തിനായി വാക്‌സിന്‍ പരീക്ഷണത്തിന്റെ നടപടിക്രമങ്ങള്‍ ചുരുക്കരുത്; കോവാക്‌സിനെ ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല

രാഷ്ട്രീയ നേട്ടത്തിനായി വാക്‌സിന്‍ പരീക്ഷണത്തിന്റെ നടപടിക്രമങ്ങള്‍ ചുരുക്കരുത്; കോവാക്‌സിനെ ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല

മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ അവസാനിക്കുംമുമ്പേ, കോവാക്‌സിന് അനുമതി നല്‍കിയതില്‍ വിമര്‍ശനം രൂക്ഷമാകുന്നു. രാഷ്ട്രീയ ലാഭത്തിനായി വാക്‌സിന്‍ പരീക്ഷണത്തിന്റെ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്യുന്നത് രാജ്യത്തെ മരുന്ന് കമ്പനികളുടെ വിശ്വാസ്യത തകര്‍ക്കും. വാക്‌സിന് അനുമതി നല്‍കിയ യോഗത്തിന്റെ വിവരങ്ങളും പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. രാജ്യാന്തര തലത്തില്‍ തന്നെ ഇങ്ങനെ ചെയ്യാറുണ്ട്. ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ഈ നടപടി പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, വാക്‌സിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ജയറാം രമേഷ്, ആനന്ദ് ശര്‍മ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുംവരെ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കണം. അതിനിടെ, രാജ്യത്ത് ആസ്ട്രസെനക്ക വാക്‌സിന്‍ ഉപയോഗിക്കാനാകുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. വാക്‌സിന്‍ പരീക്ഷണത്തിന്റെ രാജ്യാന്തരച്ചട്ടങ്ങള്‍ മാറ്റിമറിച്ചതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കണമെന്നായിരുന്നു ജയറാം രമേഷിന്റെ ആവശ്യം. എന്നാല്‍, ഐഎസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജെവാല വാക്‌സിന് അനുമതി നല്‍കിയതിനെ പ്രശംസിച്ച് രംഗത്തെത്തി. ശശി തരൂരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനും രംഗത്തെത്തി. തരൂര്‍ എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നതെന്നായിരന്നു മുരളീധരന്റെ ചോദ്യം. സൈന്യത്തിന്റെ വീര്യം ചോദ്യം ചെയ്തവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചതില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും കുറ്റപ്പെടുത്തി.

അതേസമയം, വിദഗ്ധ പരിശോധനകള്‍ക്കുശേഷമാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് ഡിസിജിഐ മേധാവി ഡോ. വി.എസ് സോമാനി വ്യക്തമാക്കിയത്. വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ വേണ്ട. വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. അതിനിടെ, കോവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. കോവിഷീല്‍ഡ് വാക്‌സിനായിരിക്കും പ്രഥമ പരിഗണന. അടിയന്തിര ഘട്ടങ്ങളില്‍ കോവാക്‌സിന്‍ ബാക്കപ്പ് വാക്‌സിനായി പരിഗണിക്കുമെന്നുമാണ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലേറിയ വ്യക്തമാക്കിയത്. ആദ്യനാളുകളില്‍ കോവിഷീല്‍ഡ് ഉപയോഗിക്കും. വിതരണത്തിനായി അഞ്ച് കോടി ഡോസുകള്‍ തയ്യാറായിട്ടുണ്ട്. അവയുടെ വിതരണം പൂര്‍ത്തിയാകുമ്പോഴേക്കും കോവാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണവും പൂര്‍ത്തിയാകും. വാക്‌സിന്റെ ഡോസേജ്, ഫലപ്രാപ്തി, സുരക്ഷിതത്വം ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാകും വിതരണം ആരംഭിക്കുകയെന്നും ഗുലേറിയ കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories