TopTop

മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ സിഎഎ വിശദീകരണയോഗത്തിൽ പ്രതിഷേധം, ആർഎസ്എസ് ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടി തടസ്സപ്പെട്ടു

മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ സിഎഎ വിശദീകരണയോഗത്തിൽ പ്രതിഷേധം, ആർഎസ്എസ് ദേശീയ നേതാക്കൾ പങ്കെടുത്ത  പരിപാടി തടസ്സപ്പെട്ടു

പൗരത്വ നിയമത്തെ പിന്തുണച്ച് ആർഎസ്എസ്സിന്റെ പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിഷേധം. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പരിപാടിയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാർ ഇരച്ച് കയറിയതോടെ പരിപാടി തടസപ്പെട്ടു. ബാനറുകളും പോസ്റ്ററുകളുമായി രംഗത്തെത്തിയ പ്രതിഷേധക്കാർ പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു.

ആർ‌എസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രതിഷേധം. രാജ്യത്തുടനീളവും ഡൽഹിയിലും തുടരുന്ന പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കെതിരായിട്ടായിരുന്നു മുസ്ലീം രാഷ്ട്രീയ മഞ്ച് പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് യോഗം അലങ്കോലമായതോടെ ആര്‍എസ്എസ് നേതാക്കളടക്കം വേദിവിട്ടിറങ്ങി.

ഡൽഹിയിലെ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളായ ഷഹീൻ ബാഗ്, ഖുജേരി, ഓൾഡ് ഡൽ‌ഹി എന്നിവിടങ്ങൾ കടുത്ത പ്രതിഷേധം തുടരുകയാണ്. തെക്ക്-കിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിൽ ഒരു മാസത്തിലേറെയായി കുത്തിയിരിപ്പ് സമരം നടക്കുന്നു. കടുത്ത തണുപ്പിനെയും ഉൾപ്പെടെ വകവയ്ക്കാതെ തുടരുന്ന പ്രതിഷേധങ്ങൾക്ക് പ്രാഥമികമായി സ്ത്രീകളാണ് നേതൃത്വം നൽകിയത്. ഈ സാഹര്യത്തിലാണ് മുസ്ലീം രാഷ്ട്രീയ മഞ്ചിനെ ഉപയോഗപ്പെടുത്തി മറുപ്രചരണത്തിന് ഭരണ കക്ഷിയുടെ ശ്രമം.

മുസ്ലീം സമുദായങ്ങളെ ഇന്ത്യയിലെ ഹിന്ദുക്കളുമായി അടുപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് മുസ്ലീം രാഷ്ട്രീയ മഞ്ച് സ്ഥാപിക്കുന്നത്. ആർ‌എസ്‌എസിനെയും അതിന്റെ അനുബന്ധ സംഘടനകളെയും കുറിച്ച് മുസ്ലീംങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങൾ ഇല്ലാത്താക്കുകയാണ് സംഘടനയുടെ ദൗത്യം. മുസ്‌ലിം സമുദായത്തിനുള്ളിലെ പ്രശ്നങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഉത്തരവാദിയെന്നാണ് മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ പ്രധാന വാദം. രാജ്യത്ത ഗോവധം നോരോധിച്ചതുൾപ്പെടെ ആർ‌എസ്‌എസ് ഉന്നയിക്കുന്ന വിഷങ്ങൾക്കും എം‌ആർ‌എം പിന്തുണ അറിയിച്ചിട്ടുണ്ട്.


Next Story

Related Stories