Top

'ദേശ വിരുദ്ധ' 'ഹിന്ദു വിരുദ്ധ' ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നെറ്റ്ഫ്‌ളിക്‌സിനോടും ആമസോണിനോടും ആര്‍എസ്എസ്

'ഹിന്ദു വിരുദ്ധവും' 'ദേശ വിരുദ്ധവുമായ' ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളായ നെറ്റ്ഫ്‌ളിക്‌സുമായും ആമസോണുമായും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. 'യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാര'ത്തെക്കുറിച്ചുള്ള പരിപാടികളാണ് തയ്യാറാക്കേണ്ടതെന്നും ആര്‍എസ്എസ് നേതാക്കള്‍ സ്ട്രീമിംങ് സൈറ്റുകളോട് ആവശ്യപ്പെട്ടു. എക്കണോമിക് ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

മൂംബൈ ഡല്‍ഹി എന്നിവിടങ്ങളിലായി ആറ് തവണ ഈ ആവശ്യം ഉന്നയിച്ച് ആര്‍എസ്എസ് നേതാക്കള്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ പരിപാടികളുടെ സര്‍ട്ടിഫിക്കേഷന്‍ എങ്ങനെ സാധ്യമാക്കാമെന്നത് സംബന്ധിച്ച് ഈ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ യോഗവും വിളിച്ചിട്ടുണ്ട്.
കാശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര സമീപനത്തിനെതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക, ഇന്ത്യന്‍ സൈന്യത്തിനെതിരായ വിമര്‍ശനം ഒഴിവാക്കുക എന്നിവയാണ് ആര്‍എസ്എസിന്റെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായും ആര്‍എസ്എസ് ചര്‍ച്ച നടത്തുകയാണെന്നും ഇക്കോണമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ലൈയ്‌ല' എന്ന പരമ്പരയുമായുള്ള വിവാദത്തെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്സുമായി ആര്‍എസ്എസ് പ്രതിനിധികള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ നിലപാടുകള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കമ്പനി അധികൃതരെ അറിയിച്ചതായി ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നാട്ടുകാരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ആര്‍എസ്എസ് മുന്നോട്ടുവെച്ചു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഹിന്ദുത്വ സംഘടനകളുമായി ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് ന്യൂനപക്ഷ വികാരങ്ങളെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണെന്ന നിലപാടാണ് ആര്‍എസ്എസിന്.
അതിനിടെ ടെലിവിഷന്‍ പരിപാടികള്‍ക്കുള്ളതുപോലുളള നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും സൂചനയുണ്ട്. ഇതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ചര്‍ച്ച നടത്തുന്നത്.
ഇന്ത്യയുടെ 'തിളങ്ങുന്ന' മുഖം കൂടുതലായി കാണിക്കണമെന്ന നിര്‍ദ്ദേശവും ആര്‍എസ്എസ് കമ്പനികള്‍ക്ക് മുന്നില്‍വെച്ചതായാണ് സൂചന. ആര്‍എസ്എസ് അനുബന്ധ സംഘടനകളായ ഭാരതീയ ചിത്ര സാധന, സന്‍സ്‌കാര്‍ ഭാരതി എന്നീ സംഘടനകള്‍ ഈ ആവശ്യവുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മാതാക്കളെ കാണുന്നതായും സൂചനയുണ്ട്. സിനിമയുമായി ബന്ധപ്പെട് ഭാരതീയ വീക്ഷണം പ്രചരിപ്പിക്കുന്നതിനാണ് ഭാരതീയ ചിത്ര സാധാന ആര്‍എസ്എസ് മൂന്ന് വര്‍ഷം മുമ്പ് രൂപികരിച്ചത്. നെറ്റ്ഫിള്ക്ക്‌സിന്റെയും ആമസോണിന്റെയും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭരണകക്ഷിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസിന്‍റെ ആവശ്യങ്ങളോട് ഇവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.


Next Story

Related Stories