TopTop
Begin typing your search above and press return to search.

രാജസ്ഥാന്‍ പ്രതിസന്ധി: സച്ചിന്‍ പൈലറ്റിന്റെ വാര്‍ത്താസമ്മേളനം നാളെ രാവിലെ 10 മണിക്ക്

രാജസ്ഥാന്‍ പ്രതിസന്ധി: സച്ചിന്‍ പൈലറ്റിന്റെ വാര്‍ത്താസമ്മേളനം നാളെ രാവിലെ 10 മണിക്ക്

പാര്‍‌ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നാളെ രാവിലെ പത്തുമണിക്ക് വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ചു. ഇതുവരെയും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നതോ ബിജെപിയില്‍ ചേരുമെന്നതോ അദ്ദേഹം പ്രസ്താവിച്ചിട്ടില്ല. നിലവില്‍ ഇവയാണ് പൈലറ്റിന്റെ ഭാവിനീക്കങ്ങളായി റിപ്പോര്‍ട്ടുകളിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കരുതുന്നത് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് ഉറപ്പിച്ചുവെന്നാണ്. ബിജെപിയുമായി നിരന്തരമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സച്ചിനെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍‍ട്ട് ചെയ്തിരുന്നു.

'സത്യത്തെ ഉപദ്രവിക്കാം, തോല്‍പ്പിക്കാനാകില്ല': കോണ്‍ഗ്രസ് പാര്‍‌ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. രണ്ടുദിവസത്തിനു ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് ഒരു പൊതുപ്രസ്താവന നടത്തുന്നത്. ഇത്രയേറെ അപമാനം സഹിച്ച് തുടരാനാകില്ല എന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന. തന്റെ എംഎല്‍എമാരും, തന്നെ പിന്തുണയ്ക്കുന്ന മറ്റുള്ളവരും ഏറെ സഹിച്ചതായും അദ്ദേഹം പറയുകയുണ്ടായി.

ഗെലോട്ടിനെ സ്ഥാനത്തു നിന്ന് ഒഴിവാക്കി പകരക്കാരനാകുക എന്ന ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ അറിയിച്ചത്. പകരം കൂടുതല്‍ സ്ഥാനങ്ങള്‍ പൈലറ്റിന്റെ സംഘത്തില്‍ പെട്ടവര്‍ക്ക് നല്‍കാമെന്ന വാഗ്ദാനം മുമ്പോട്ടു വെച്ചു. അഞ്ചാംവര്‍ഷത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയായി തന്നെ നിയോഗിക്കണമെന്നാണ് പൈലറ്റിന്റെ ആവശ്യം. എന്നാല്‍ ഇതും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല. രണ്ട് തവണയാണ് ഗെലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പൈലറ്റ് പങ്കെടുക്കാതെ മാറി നിന്നത്.

പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ ദേശീയ നേതൃത്വം അനുനയപാത സ്വീകരിച്ചെങ്കിലും വഴങ്ങാൻ സച്ചിൻ തയ്യാറായിരുന്നില്ല. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിസിസി പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനത്ത് പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച സച്ചിൻ പൈലറ്റ് അന്ന് മുതൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും മുതിർന്ന നേതാവായ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നതായി അശോക് ഗെലോട്ട് ആരോപിക്കുകയും ഗെലോട്ടിന്റെ ആഭ്യന്തര കുപ്പിന് കീഴിലുള്ള സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും ആന്റി കറപ്ഷൻ ബ്യൂറോയും ഭരണകക്ഷി എംഎൽഎമാരേയും സ്വതന്ത്ര എംഎൽഎമാരേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സച്ചിൻ പൈലറ്റിനും എസ് ഒ ജി നോട്ടീസ് നൽികിയിരുന്നു. ഇതാണ് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഗ്രൂപ്പ് പോര് രാജസ്ഥാനിൽ പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങാൻ കാരണമായത്.

എംഎൽഎമാരുമായി ഡൽഹിയിലെത്തിയ സച്ചിൻ പൈലറ്റിന്റെ നടപടി, ബിജെപിയിലേയ്ക്കുള്ള പോക്കിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം സച്ചിൻ പൈലറ്റിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബിജെപിയിലേയ്ക്കില്ല എന്നാണ് സച്ചിൻ പൈലറ്റ് എൻഡിടിവിയോട് ഇന്നലെ പറഞ്ഞത്


Next Story

Related Stories