TopTop
Begin typing your search above and press return to search.

സഫൂറ സർഗാറിനെ ജയിലിലിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിര് - അമേരിക്കൻ ബാർ അസോസിയേഷൻ

സഫൂറ സർഗാറിനെ ജയിലിലിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിര് - അമേരിക്കൻ ബാർ അസോസിയേഷൻ

ജാമിയ മില്ലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിനെ ജയിലിലിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍. ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര ഉടമ്പടികളടക്കമുള്ളവയ്ക്ക് വിരുദ്ധമാണിത് - അമേരിക്കന്‍ ബാര്‍ അസോസിയേഷന്റെ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ സജീവമായിരുന്ന സഫൂറയെ ഡല്‍ഹി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മൂന്ന് മാസം ഗര്‍ഭണിയായിരുന്ന സഫൂറയ്ക്ക് കോടതി മൂന്ന് തവണ ജാമ്യം നിഷേധിച്ചു.

കരുതല്‍ തടങ്കല്‍ ആവശ്യപ്പെടുന്ന ഒന്നും തന്നെ സഫൂറയുടെ കാര്യത്തിലില്ല എന്ന് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിചാരണ നേരിടുന്നവരെയെല്ലാം കസ്റ്റഡിയില്‍ വക്കണമെന്ന ഒരു സാമാന്യം ചട്ടം പാടില്ലെന്ന് ഐസിസിപിആര്‍ (ഇന്റര്‍നാഷണല്‍ കോവിനന്റ്് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്‌സ്) പറയുന്നു. ഏപ്രില്‍ 10 മുതല്‍ സഫൂറ കസ്റ്റഡിയിലാണ്. പിന്നീട് റിമാന്‍ഡ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. മറ്റെന്തൊക്കെ വാദങ്ങളുണ്ടെങ്കിലും ജയിലുകളില്‍ കൊറോണ ഭീണിയുള്ളപ്പോള്‍ ഗര്‍ഭിണിയായ സഫൂറയെ ജയിലിലിട്ടത് നീതീകരിക്കാനാവില്ല. ബാങ്കോക്ക് റൂള്‍സിന് (യുഎന്‍ റൂള്‍സ് ഫോര്‍ ദ ട്രീറ്റ്‌മെന്റ് വുമണ്‍ പ്രിസണേഴ്‌സ് ആന്‍ഡ് നോണ്‍ കസ്‌റ്റോഡിയല്‍ മെഷേഴ്‌സ് ഫോര്‍ വിമന്‍ ഒഫന്‍ഡേഴ്‌സ്) വിരുദ്ധമാണിത്.

സഫൂറയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരുണ്ട്. ജയിലിലെ അസി.സൂപ്രണ്ടിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. സഫൂറയ്ക്ക് പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രോം ഉണ്ടെന്ന് സഹോദരി പറഞ്ഞിരുന്നു. ഇത് മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. സഫൂറയ്‌ക്കെതിരെ തെളിവില്ല, അവര്‍ ഗര്‍ഭിണിയാണ്. ജാമ്യം കിട്ടിയാല്‍ എങ്ങനെ സഫൂറ സമൂഹത്തിന് ഭീഷണിയാകും എന്ന് ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

സഫൂറയെ വീട്ടില്‍ കഴിയാന്‍ അനുവദിക്കണം. കോടതികള്‍ ഇന്ത്യയുടെ നിയമപരവും ധാര്‍മ്മികവുമായ ബാധ്യതകളും പ്രതിബദ്ധതകളും ഉയര്‍ത്തിപ്പിടിക്കണം. സഫൂറയെ ഉടന്‍ മോചിപ്പിക്കണം - അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ പറയുന്നു. 1878ല്‍ സ്ഥാപിച്ച അഭിഭാഷകരുടേയും വിദ്യാര്‍ത്ഥികളുടേയും അസോസിയേഷന്റെ കേന്ദ്രം യുഎസ്സിലെ ചിക്കാഗോ ആണ്. നാല് ലക്ഷത്തിലധികം അംഗങ്ങളാണ് നിലവിലുള്ളത്.


Next Story

Related Stories