പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് ആവശ്യപ്പെട്ടത്. അറ്റോര്‍ണി, നിങ്ങള്‍ ഈ ചോദ്യത്തിന് എവിടെയെങ്കിലും ഉത്തരം നല്‍കേണ്ടിവരും. വിവിധ ഹൈക്കോടതികളില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുപകരം നിങ്ങള്‍ ഈ കോടതിയില്‍ മറുപടി നല്‍കണം എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറ്റോര്‍ണി ജനറലിനോട് പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സ് ഹിയറിംഗില്‍ അറ്റോര്‍ണി ജനറലിനൊപ്പം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയും പങ്കെടുത്തു.
ഛത്തീസ്ഗഢ് കിസാന്‍ കോണ്‍ഗ്രസിലെ രാകേഷ് വൈഷ്ണവ്, ഡി.എം.കെ എംപി തിരുച്ചി ശിവ എന്നിവരുടെ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അതേസമയം, പുതിയ നിയനിര്മാണം റദ്ദാക്കണമെന്ന അഭിഭാഷകന് എ.എല്‍ ശര്‍മ്മയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കാര്‍ഷിക വ്യാപാരവുമായി ബന്ധപ്പെട്ട കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും കൃഷിയും കാര്‍ഷിക വ്യാപാരവും കേന്ദ്ര വിഷയത്തിലല്ല, സംസ്ഥാന വിഷയത്തില്‍ മാത്രമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. പുതിയ നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും അസാധുവായതുമാണെന്ന് ആരോപിക്കുന്നതിനൊപ്പം ഇവ തടയാന്‍ കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, 2020, ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍, 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്മെന്റ്) ബില്‍ എന്നീ മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിനിടെ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ക്ക് സെപ്റ്റംബര്‍ 27ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്.