Top

"വൈക്കോൽ കത്തിക്കുന്നത് തടയാൻ സർക്കാരുകൾക്ക് കഴിയാത്തതെന്ത്?" രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

"വൈക്കോൽ കത്തിക്കുന്നത് തടയാൻ സർക്കാരുകൾക്ക് കഴിയാത്തതെന്ത്?" രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി എൻസിആർ മേഖലയിലെ കോടിക്കണക്കിന് മനുഷ്യരുടെ ജീവന്മരണ പ്രശ്നമാണ് മലിനീകരണമെന്നും അധികാരികൾ അതിനെ നേരിടുന്നതിലെ പരാജയത്തിന്റെ ഉത്തരവാദിത്വമേൽക്കണമെന്നും സുപ്രീംകോടതി. ഡൽഹി, പഞ്ചാബ് സർക്കാരുകളെയാണ് കോടതി രൂക്ഷമായി വിമർ‌ശിച്ചത്. രാജ്യത്തെ നൂറു കൊല്ലം പിന്നിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കാൻ കഴിയുമോയെന്നും ജനങ്ങളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കുന്നത് അനുവദിക്കാനാകുമോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് അരുൺ മിശ്ര തലവനായ ബഞ്ചാണ് വിഷയം പരിഗണനയ്ക്കെടുത്തത്. മലിനീകരണ വിഷയത്തിൽ യാതൊരു നടപടിയുമെടുക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയോടും അരുൺ മിശ്ര ചോദ്യങ്ങളുന്നയിച്ചു. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ വ്യാപകമായി വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണ പ്രശ്നം ഇത്രയും വലിയ പ്രതിസന്ധിയാകാൻ കാരണം. ഡൽഹിയിൽ വാഹനങ്ങളെ നിയന്ത്രിച്ച് സർക്കാർ മലിനീകരണം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് വളരെ ചെറിയ ശതമാനം ആശ്വാസമേ നൽകുന്നുള്ളൂ. വലിയ പ്രശ്നം വൈക്കോൽ കത്തിക്കലാണ്. ഇത് തടയാൻ എന്തുകൊണ്ട് അതാത് സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

വൈക്കോൽ കത്തിക്കുന്ന കർഷകരെ ശിക്ഷിക്കുന്നതു കൊണ്ട് കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ വൈക്കോലുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. "നിങ്ങൾ ദന്തഗോപുരങ്ങളിലിരുന്ന് ഭരണം നടത്തുന്നു, ജനങ്ങളെ മരിക്കാൻ വിടുന്നു," കോടതി വിമർശിച്ചു.

കർഷകരിൽ നിന്നും വൈക്കോൽ വാങ്ങാൻ സർക്കാരിന് നയമില്ലെന്നാണ് പഞ്ചാബ് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇതിൽ പ്രകോപനം കൊണ്ട കോടതി ചീഫ് സെക്രട്ടറിയെ സസ്പെൻ‌ഡ് ചെയ്യുമെന്ന് താക്കീത് നൽ‌കി. ക്ഷേമരാഷ്ട്രം എന്ന സങ്കൽപ്പം രാജ്യത്തെ ഭരണാധികാരികൾ മറന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സർക്കാരുകൾക്ക് തങ്ങളുടെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ആശങ്കയില്ലെങ്കിൽ അവർക്ക് ഭരണത്തിലിരിക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. വൈക്കോൽ കത്തിച്ചുണ്ടാകുന്ന മലിനീകരണം തടയാൻ ജനാധിപത്യ സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. അതെസമയം പ്രശ്നത്തെ നേരിടാൻ കേന്ദ്ര സർക്കാർ അറ്റോർണി ജനറൽ കെകെ വേണുഗോപാലിലൂടെ മുമ്പോട്ടു വെച്ച ആശയം കോടതി തള്ളി. വൈക്കോൽ കത്തിക്കുന്ന ഭൂവിഭാഗങ്ങളെ ഏഴാക്കി വിഭജിച്ച് ഓരോ ഭാഗത്തും കത്തിക്കാൻ പ്രത്യേക സമയം നൽകുക എന്നതായിരുന്നു ആശയം.


Next Story

Related Stories