TopTop
Begin typing your search above and press return to search.

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ഐഎന്‍എക്‌സ് മീഡിയ പണ തട്ടിപ്പ് കേസില്‍ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത പണ തട്ടിപ്പ് കേസാണിത്. ചിദംബരം നിലവിൽ ഡൽഹി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. രാവിലെ 10.30ന് കോടതി വിധി പറയും. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ ബഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക.

നവംബര്‍ 28ന് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ നവംബര്‍ 15ന്റെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ നേരത്തെ സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം നൽകിയിരുന്നു. ചിദംബരം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട് എന്നും ജാമ്യം അനുവദിക്കരുത് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം.

അധികാരത്തിലുള്ളവര്‍ തന്നെ ഇത്തരം തട്ടിപ്പുകളുടെ ഭാഗമാകുമ്പോള്‍ ഇത്തരം പണ തട്ടിപ്പുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ചെയ്യുന്നത് എന്നും വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയും തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്തു. ചിദംബരത്തെ ആരോപിക്കപ്പെടുന്ന പണ തട്ടിപ്പുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇരുവരും വാദിച്ചു. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22ന് ഈ കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കി. എന്നാല്‍ പണ തട്ടിപ്പ് കേസില്‍ ഒക്ടോബര്‍ 16ന് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡി തുടരുകയും ചെയ്തതിനാല്‍ ജയിലില്‍ തുടരേണ്ടി വന്നു.

2017 മേയ് 15നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ പി ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കാന്‍ ഇടപെടല്‍ നടത്തി എന്നാണ് ആരോപണം. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയായിരുന്നു.


Next Story

Related Stories