TopTop
Begin typing your search above and press return to search.

കോടതിയിലെത്തുന്ന കത്തുകള്‍ നിര്‍ണായകം, എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപിയ്ക്കും സമയം

കോടതിയിലെത്തുന്ന കത്തുകള്‍ നിര്‍ണായകം, എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപിയ്ക്കും സമയം

ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിക്കാന്‍ ആധാരാമാക്കിയ കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതോടെ ഗവര്‍ണറുടെ തീരുമാനത്തിലും കോടതി ഇടപെടലിന്റെ സാധ്യതയാണ് തെളിയുന്നത്. തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാന്‍ ഫഡ്‌നാവിസ് ഹാജരാക്കിയ കത്തുകളാണ് കോടതി ആവശ്യപ്പെട്ടത്. ഇതോടൊപ്പം സർക്കാർ രൂപികരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ കത്തും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം വിശ്വാസ വോട്ട് ഉടന്‍ നടത്തുന്നതിന് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചതോടെ എംഎല്‍എ മാരെ ചാക്കിടാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. പ്രതിപക്ഷത്തെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വിശ്വാസ വോട്ട് ഉടന്‍ നടത്താനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. രാവിലെ കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ രണ്ട് കാര്യങ്ങളാണ് കോടതിയില്‍ പ്രതിപക്ഷത്തിന്റെ അഭിഭാഷകര്‍ മുന്നോട്ട് വെച്ചത്. ആദ്യത്തേത് ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നതായിരുന്നു. രണ്ടാമത്തേത് വിശ്വാസ വോട്ടിന് നിശ്ചയിച്ച കാലാവധി കുറച്ച് 24 മണിക്കൂറിനകം നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും. ഇതില്‍ കോടതി രണ്ടാമത്തെ കാര്യം ഫലത്തില്‍ അനുവദിച്ചില്ല. ആദ്യത്തേ കാര്യം പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്. അക്കാര്യം പറഞ്ഞുകൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയോട് രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ഗവര്‍ണറുടെ നടപടിയാണ് കോടതിയുടെ വിലയിരുത്താന്‍ പോകുന്നത്. ഫഡ്‌നാവിസിന് ഭൂരിപക്ഷം ഉണ്ടെന്ന് കത്തുകളിലൂടെ ബോധ്യപ്പെട്ടുവോ എന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരും. സമാനമായ സാഹചര്യമാണ് കര്‍ണാടകത്തിന്റെ കാര്യത്തിലുണ്ടായത്. അന്ന് ബിഎസ് യെദ്യുരപ്പെയ്ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ കത്തുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉടന്‍ വിശ്വാസ വോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സഭാ നടപടികള്‍ സംപ്രേഷണം ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.വിശ്വാസവോട്ട് നേടാൻ കഴിയാത്തതിനാൽ യെദ്യുരപ്പ അന്ന് രാജിവെയ്ക്കുകയായിരുന്നു ഭൂരിപക്ഷമുണ്ടെന്ന കാര്യം കത്തിലൂടെ വ്യക്തമായിരുന്നുവോ എന്ന കാര്യം ഗവര്‍ണര്‍ക്ക് ബോധ്യപ്പെടുത്താന് കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായിരിക്കും. ഗവര്‍ണര്‍ക്ക് മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാറിനും. എന്നുമാത്രമല്ല, ഗവര്‍ണറുടെ വിവേചനാചിധികാരം എവിടെവരെ എന്ന കാര്യത്തിലുമൊക്കെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടായിക്കൂടെന്നില്ല. അതേസമയം ഗവര്‍ണര്‍ അദ്ദേഹത്തിന്റെ മുന്നിലെത്തിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമാണ് എടുത്തതെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടാനും സാധ്യത കുറവായിരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കിൽ ഏഴ് ദിവസത്തെ സാവകാശം ബിജെപിയ്ക്ക് ലഭിക്കും. എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി നേതൃ സ്ഥാനത്തുനിന്നും അജിത്ത് പവാറിനെ നീക്കിയ കത്ത് എന്‍സിപി ഗവര്‍ണര്‍്ക്ക് നല്‍കിയിട്ടുണ്ട്. അജിത് പവാര്‍ നല്‍കിയ കത്തില്‍ പേരുള്ളവരില്‍ ബഹുഭൂരിപക്ഷം പേരും ഇന്നലെ ശരത്പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. പാർലമെൻ്റി പാർട്ടി ലീഡറായിരിക്കെയാണ് അജിത് പവാർ പിന്തുണ അറിയിച്ച് കത്ത് നൽകിയത്. പിന്നീടാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ കത്തിൻ്റെ കാര്യത്തിൽ കോടതി ഇനി സ്വീകരിക്കാൻ പോകുന്ന കാര്യങ്ങൾ നിർണായകമാണ്. അജിത് പവാറിനെ പാർലമെൻ്ററി പാർട്ടി നേതൃ സ്ഥാനത്തുനിന്ന് നീക്കിയതായി എൻസിപിയ്ക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംങ്വി കോടതിയെ അറിയിച്ചിരുന്നു. അതിനിടെ വിശ്വാസ വോട്ടിന് സമയം കിട്ടിയതോടെ ബിജെപി നീക്കങ്ങള്‍ സജീവമാക്കി. ഇന്ന് രാവിലെ ബിജെപി എംപി സഞ്ജയ് കാക്‌ഡെ ശരത് പവാറുമായി ചര്‍ച്ച നടത്തിയത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായി. അജിത് പവാറിന് പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെ വന്നതോടെ എന്‍സിപിയെ ബിജെപിയിലേക്ക് അടുപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം എന്നാണ് സൂചന. ശിവസേനയക്ക് നല്‍കാന്‍ തീരുമാനിച്ചതിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവും മുന്നോട്ട് വെയ്ക്കപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപികരിക്കാന്‍ ഏത് സമയവും തയ്യറാണെന്ന് ശിവസേന ആവര്‍ത്തിച്ചു. ഒരു ദിവസത്തിനകം വിശ്വാസ വോട്ട് തേടാനും തയ്യാറാണെന്നും പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അതിനിടെ എംഎൽഎമാരെ പ്രതിപക്ഷ പാർട്ടികൾ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപി ബന്ധപ്പെടാതിരിക്കാനാണ് എംഎൽഎമാരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയത്.

Next Story

Related Stories