TopTop
Begin typing your search above and press return to search.

വധശിക്ഷ നടപ്പാക്കുന്നത് നാളെ രാവിലെ ആറ് മണിക്ക്, നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വധശിക്ഷ നടപ്പാക്കുന്നത് നാളെ രാവിലെ ആറ് മണിക്ക്, നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നാളെ രാവിലെ ആറ് മണിക്ക് തിഹാര്‍ ജയിലില്‍ തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ചിരിക്കുന്ന നിര്‍ഭയ കൂട്ടബലാത്സംഗ കൊലക്കേസിലെ നാല് പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യണമെന്നാണ് പവന്‍ ഗുപ്തയുടെ ആവശ്യം. ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിക്കുന്നത്.

2012ല്‍ കുറ്റകൃത്യം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ പുതിയ വാദം. സ്‌കൂള്‍ രേഖകള്‍ പ്രകാരം തനിക്ക് 16 വയസ്സും രണ്ട് മാസവുമായിരുന്നു അന്ന് പ്രായവുമെന്ന് പവന്‍ ഗുപ്ത പറയുന്നു. ഇതുവരെ ഉന്നയിക്കാത്ത വാദമാണ പവന്‍ ഗുപ്ത ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിരുന്നിട്ടില്ലാതിരുന്നതിനാല്‍ ഒരു പ്രതിയെ കോടതി മൂന്ന് വര്‍ഷത്തേയ്ക്ക് ജുവനൈല്‍ ഹോമിലയയ്ക്കുകയാണുണ്ടായത്. ശിക്ഷാകാലാവധി കഴിഞ്ഞ് 2015ല്‍ പുറത്തിറങ്ങിയ ഇയാളെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു.

നേരത്തെ മൂന്ന് തവണ പ്രതികളുടെ വധശിക്ഷ മാറ്റി വച്ചിരുന്നു. പ്രതികൾ ഓരോരുത്തരായി ദയാഹർജിയും തിരുത്തൽ ഹർജിയും ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയുമെല്ലാം ഫയൽ ചെയ്തതാണ് വധശിക്ഷ നീട്ടിക്കൊണ്ടുപോയത്. ഏറ്റവുമൊടുവിൽ മാർച്ച് മൂന്നിന് ശിക്ഷ നടപ്പാക്കാനാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22നും ഫെബ്രുവരി ഒന്നിനും ഫെബ്രുവരി 17നുമാണ് ശിക്ഷ നടപ്പാക്കാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഒരു കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഒരുമിച്ചേ തൂക്കിക്കൊല്ലാന്‍ പാടൂ എന്ന ഡല്‍ഹി ജയില്‍ച്ചട്ടം മറികടന്ന് ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്്. ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ ഈ ആവശ്യം തള്ളിയിരുന്നു.


Next Story

Related Stories