TopTop
Begin typing your search above and press return to search.

മഹാരാഷ്ട്ര: സേന-എൻസിപി-കോൺഗ്രസ് സംയുക്ത ഹരജി ഞായറാഴ്ച 11.30ന് സുപ്രീംകോടതി പരിഗണിക്കും

മഹാരാഷ്ട്ര: സേന-എൻസിപി-കോൺഗ്രസ് സംയുക്ത ഹരജി ഞായറാഴ്ച 11.30ന് സുപ്രീംകോടതി പരിഗണിക്കും

മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാരും ഗവർണറുമെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്ത് ശിവസേനയും കോൺഗ്രസ്സും എൻസിപിയും ചേർന്ന് നൽകിയ ഹരജി സുപ്രീംകോടതി നാളെ രാവിലെ 11.30ന് പരിഗണിക്കും. അടിയന്തിരമായി പരിഗണിക്കണമെന്ന് മൂന്നു കക്ഷികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാർ ഗവർണർ ഭരണം അവസാനിപ്പിച്ചതും, ഗവർണർ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചതുമായ നടപടികളുടെ നിയമപരതയെ ചോദ്യം ചെയ്താണ് ശിവസേന-കോൺഗ്രസ്-എൻസിപി പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അങ്ങേയറ്റത്തെ ധൃതിയോടെ നിരവധി നടപടിക്രമങ്ങളെ മറികടന്നാണ് കേന്ദ്രവും ഗവർണറും പ്രവർത്തിച്ചിരിക്കുന്നതെന്നാണ് ഹരജി പറയുന്നത്. ഹരജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം സേനയും എൻസിപിയും കോൺഗ്രസ്സും ഉന്നയിച്ചിരുന്നു. ബിജെപി സംസ്ഥാനത്ത് കുതിരക്കച്ചവടം നടത്തുകയാണ്. ഇത് തടയാൻ വേഗത്തിലുള്ള തീരുമാനം ആവശ്യമാണെന്ന് മൂന്ന് പാർട്ടികളും ആവശ്യപ്പെട്ടു. ഉടൻ തന്നെ സംസ്ഥാന നിയമസഭയിൽ വിശ്വാസം തേടാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.

അപ്രതീക്ഷിതമായേറ്റ തിരിച്ചടിയിൽ നിന്നും മുക്തനായി ശരദ് പവാർ നടത്തിയ ചടുലമായ നീക്കങ്ങളുടെ ഫലം ശനിയാഴ്ച വൈകുന്നേരത്തോടെ കണ്ടുതുടങ്ങി. പവാർ വിളിച്ചുചേർത്ത എന്‍സിപി യോഗത്തിൽ 50 എംഎൽഎമാർ സാന്നിധ്യമറിയിച്ചു. ഇപ്പോൾ അജിത് പവാറിന്റെ കൂടെ മൂന്ന് എംഎൽഎമാർ മാത്രമാണുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് അതിരാവിലെ തുടങ്ങിയ സർക്കാർ രൂപീകരണ പരിപാടികൾ 7.50ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് അവസാനിച്ചത്. അതിരാവിലെ 5.47ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പിൻവലിക്കുകയായിരുന്നു. ഏഴോളം എൻസിപി എംഎൽഎമാർ ചടങ്ങിൽ‌ പങ്കെടുത്തു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

നിലവിൽ എന്‍സിപി അജിത് പവാറിനെ രാജി വെപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ എൻസിപി നിയമസഭാകക്ഷി നേതൃസ്ഥാനത്തു നിന്നും അജിത് പവാറിനെ നീക്കിയിട്ടുണ്ടെന്ന് എൻസിപി നേതാവ് നവാബ് മാലിക് അറിയിച്ചു. അജിത് പവാറിനൊപ്പം പോയെന്ന് കരുതിയിരുന്ന ധനഞ്ജയ് മുണ്ടെ അടക്കമുള്ള പ്രമുഖ നേതാക്കൾ എൻസിപി യോഗത്തിൽ പങ്കെടുത്തു. അജിത് പവാറടക്കം നാലുപേർ എന്നാണ് ചില എൻസിപി വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. രണ്ട് എംഎൽഎമാർ ഇന്ന് രാവിലെത്തന്നെ എൻസിപി ക്യാമ്പിലേക്ക് മടങ്ങിയിരുന്നു.

നിലവിലെ ആളെണ്ണം വെച്ച് സ്പീക്കറുടെ തെരഞ്ഞെടുപ്പു തന്നെ തടയാൻ എൻസിപിക്കും കോൺഗ്രസ്സിനും ശിവസേനയ്ക്കും സാധിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറയുന്നു. അഞ്ച് എംഎൽഎമാരുമായി ബന്ധപ്പെടാൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് യോഗത്തിനു ശേഷം പുറത്തിറങ്ങിയ മാലിക്ക് പറഞ്ഞതായി എഎൻഐ വാർത്താ ഏജന്‍സി പറയുന്നു. നാലുപേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ തെറ്റിദ്ധരിപ്പിച്ചതായി കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. ഫഡ്നാവിസ് ഉടൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

Related Stories