TopTop

വീണ്ടും രാഷ്ട്രീയപ്രസംഗം: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയെന്ന് കരസേനാ മേധാവി

വീണ്ടും രാഷ്ട്രീയപ്രസംഗം: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയെന്ന് കരസേനാ മേധാവി

കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാധികാരം നീക്കം ചെയ്തതിനെ 'ചരിത്രപരമായ നടപടി'യെന്ന് വിശേഷിപ്പിച്ച് കരസേനാ മേധാവി എംഎം നരവേൻ രംഗത്ത്. പട്ടാള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രസ്താവനകൾ രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് വീണ്ടുമൊരു രാഷ്ട്രീയ പ്രസ്താവന പുറത്തുവരുന്നത്. പടിഞ്ഞാറുള്ള അയൽരാജ്യത്തു നിന്ന് മറഞ്ഞു നിന്നുള്ള യുദ്ധപരിപാടികൾ അവസാനിച്ചത് ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്തതു കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജമ്മു കാശ്മീരിനെ 'മുഖ്യധാരാ സമൂഹ'വുമായി കൂട്ടിച്ചേർക്കാൻ ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിക്ക് സാധിക്കുമെന്ന് നരവേൻ പറഞ്ഞു. സൈനികദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

ഭീകരവാദത്തോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് നരവേൻ പറഞ്ഞു. ഭീകരവാദികളെ നേരിടാൻ സൈന്യത്തിന്റെ പക്കൽ ധാരാളം ഉപാധികളുണ്ടെന്നും അവയെല്ലാം ഉപയാഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി.

മുൻ കരസേനാ മേധാവി ബിപിൻ റാവത്ത് നടത്തിയ രാഷ്ട്രീയ പ്രസംഗങ്ങൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പട്ടാളം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന കീഴ്‌വഴക്കം രാജ്യത്തില്ല. പാകിസ്താനിലാണ് ഇത്തരം സൈനിക ഇടപെടലുകൾ രാഷ്ട്രീയത്തിലുണ്ടാകാറുള്ളതെന്നും അവിടെ പട്ടാള അട്ടിമറികൾ സാധാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. എന്നാൽ ബിപിൻ റാവത്ത് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഇപ്പോഴത്തെ കരസേനാ മേധാവി നരവേൻ അധികാരമേറ്റെടുത്തതിനു പിന്നാലെ, നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള പ്രദേശങ്ങൾ ആക്രമിച്ച് പിടിച്ചെടുക്കണമെങ്കിൽ തങ്ങൾക്ക് ഉത്തരവ് ലഭിച്ചാൽ മാത്രം മതിയെന്ന പ്രസ്താവന നടത്തുകയുണ്ടായി. ഇതും ഏറെ വിമർശിക്കപ്പെട്ടു. 'പണിയെടുത്താൽ മതി, സംസാരിക്കേണ്ടതില്ല' എന്ന് വിമർശിച്ച് കോൺഗ്രസ് രംഗത്തു വന്നു.


Next Story

Related Stories