TopTop
Begin typing your search above and press return to search.

കുടിയേറ്റ തൊഴിലാളികളെ തടയാൻ അതിർത്തികൾ അടച്ചിടൂ, ലോക്ക് ഡൗണ്‍ ഉറപ്പുവരുത്തൂ - സംസ്ഥാനങ്ങളോട് കേന്ദ്രം

കുടിയേറ്റ തൊഴിലാളികളെ തടയാൻ അതിർത്തികൾ അടച്ചിടൂ, ലോക്ക് ഡൗണ്‍ ഉറപ്പുവരുത്തൂ - സംസ്ഥാനങ്ങളോട് കേന്ദ്രം

കുടിയേറ്റ തൊഴിലാളികളെ തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടാനും ലോക്ക് ഡൗണ്‍ ഉറപ്പുവരുത്താനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് ഭക്ഷണവും താമസവും വേതനവും ഉറപ്പുനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപനം ആയിരക്കണക്കിന് കുടിയേറ്റ, ദിവസവേതന തൊഴിലാളികളെയാണ് ദുരിതത്തിലാക്കിയത്.

പലര്‍ക്കും നിരവധി കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരുകയും പൊലീസിന്റെ പീഡനമേറ്റുവാങ്ങുകയും ചെയ്യേണ്ടി വന്നിരുന്നു. ദിവസവേതന, കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ യാതൊരു പരിഗണനയുമില്ലാതെയാണ് പ്രധാനമന്ത്രി, കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന വിമര്‍ശനമുയര്‍ന്ന് സാഹചര്യത്തില്‍ തൊഴിലാളികളോട് മാപ്പ് ചോദിച്ച് ഇന്ന് മോദി രംഗത്തെത്തിയിരുന്നു.

ജോലിയും വേതനവും ഭക്ഷണവുമില്ലാതാകുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണിനിടെ വീടുകളിലേയ്ക്ക് പോകാന്‍ കുടിയേറ്റ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത്.സാമൂഹ്യഅകലം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ലോക്ക് ഡൗണിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ് തൊഴിലാളികളുടെ ഈ കൂട്ടപലായനം. ഡല്‍ഹിയിലെ ആനന്ദ് വിഹാറിലുള്‍പ്പടെ ബസ് ടെര്‍മിനസുകളിലും ബസ്സുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും ബസിന് മുകളില്‍ കയറിയിരുന്നു. ഡല്‍ഹി, യുപി സര്‍ക്കാരുകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് ഏര്‍പ്പെടുത്തിയിരുന്നു. താമസസ്ഥലങ്ങളില്‍ നിന്ന് കമ്പനി ഉടമകളും വീട്ടുടമകളും ഇറക്കിവിടുന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ തൊഴിലാളികള്‍ വീടുകളിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.


Next Story

Related Stories