TopTop
Begin typing your search above and press return to search.

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം - കറന്‍സി പ്രിന്റിംഗില്‍ ആശയക്കുഴപ്പം തീര്‍ക്കാനാകാതെ സര്‍ക്കാര്‍

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികം - കറന്‍സി പ്രിന്റിംഗില്‍ ആശയക്കുഴപ്പം തീര്‍ക്കാനാകാതെ സര്‍ക്കാര്‍

വിവാദമായ നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്. 2016 നവംബര്‍ എട്ടിന് രാത്രിയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിവിധ മേഖലകളില്‍ ഇതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും സമ്പദ് വ്യവസ്ഥയെ ഈ നടപടി എത്തരത്തില്‍ ബാധിച്ചു എന്നത് സംബന്ധിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതേസമയം നോട്ട് നിരോധനത്തിന്റെ മൂന്നാം വര്‍ഷത്തില്‍ കറന്‍സി പ്രിന്റിംഗ് മേഖലയിലും ആശയക്കുഴപ്പം തുടരുകയാണ്. സര്‍ക്കാരിന്റെ കറന്‍സി പ്രിന്റേഴ്‌സും റിസര്‍വ് ബാങ്കും നിലവിലെ സ്റ്റോക്കും പുതുതായി അച്ചടിക്കുന്ന വിവിധ രൂപ കറന്‍സികളും തമ്മിലുള്ള സന്തുലനം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധന മന്ത്രാലയത്തിന്റെ കറന്‍സി ആന്‍ഡ് കോയിന്‍ ഡിവിഷനിലുള്ള സ്ട്രാറ്റജിക് പ്ലാനിംഗ് ഗ്രൂപ്പിന്റെ ജൂണ്‍ മൂന്നിന് നടന്ന ഒടുവിലത്തെ യോഗത്തിന്റെ മിനുട്‌സ് കാണിക്കുന്നത് കറന്‍സി പ്രിന്റിംഗും ബാങ്ക് നോട്ട് പേപ്പര്‍ സ്റ്റോക്കും നോട്ട് നിരോധനത്തിന് ശേഷം കാര്യമായി നടന്നുകൊണ്ടിരിക്കുന്നു. അതേസമയം പുതിയ സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ നോട്ട് നിരോധനത്തിന് ശേഷം കാലതാമസമുണ്ടായിട്ടുണ്ട്. 500, 1000 നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 200, 2000 നോട്ടുകള്‍ കൊണ്ടുവരുകയും ചെയ്ത ശേഷം വിവിധ നോട്ടുകളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആര്‍ബിഐ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണനയില്‍ തുടരുകയാണ്.

നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് നോട്ടുകളുടെ ഡിസൈനും വലിപ്പവും മാറി. എന്നാല്‍ സെക്യൂരിറ്റി ഫീച്ചേഴ്‌സില്‍ മാറ്റം വന്നിട്ടില്ല. നോട്ടുകളുടെ വലിപ്പം മാറിയതിനാല്‍ ഇതില്‍ മാറ്റം വരേണ്ടതാണ്. മൂവിംഗ് ഇമേജസുമായുള്ള സെക്യൂരിറ്റി ത്രെഡ് ആണ് ഏറ്റവും ചിലവേറിയ സുരക്ഷാക്രമീകരണം. ബാങ്ക് നോട്ട് പേപ്പറിന്റെ ഉല്‍പ്പാദന ചിലവിന്റെ 30 മുതല്‍ 50 ശതമാനം വരെ വരുമെന്നാണ് ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബിഎന്‍പിഎംഐപിഎല്‍) പറഞ്ഞത്.

നോട്ട് നിരോധനം നോട്ടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കറന്‍സികളുടെ മാര്‍ക്കറ്റ് ഡിമാന്‍ഡിലും മാറ്റം വരുത്തി. ഇത് പരിഗണിച്ച് 10, 20 രൂപ നോട്ടുകളുടെ ഉല്‍പ്പാദനം നിലവില്‍ ലഭ്യമായ പേപ്പര്‍ സ്റ്റോക്കിനനുസരിച്ച് കുറക്കാന്‍ ബിആര്‍ബിഎന്‍എംപിഎല്‍ (ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ്) തീരുമാനിച്ചു. നാണയ സംഭരണമാണ് മറ്റൊരു വെല്ലുവിളി.

Next Story

Related Stories