Top

മഹാരാഷ്ട്രയില്‍ പകുതി സീറ്റ് ചോദിച്ച ശിവസേനയ്ക്ക് 124, ബിജെപിക്ക് 164

മഹാരാഷ്ട്രയില്‍ പകുതി സീറ്റ് ചോദിച്ച ശിവസേനയ്ക്ക് 124, ബിജെപിക്ക് 164

മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സഖ്യം നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെയുള്ള 288 സീറ്റിൽ പകുതി സീറ്റ് നൽകിയില്ലെങ്കിൽ സഖ്യം വിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന ശിവസേന 124 എന്ന ബിജെപി നിർദ്ദേശം അംഗീകരിച്ചു. 164 സീറ്റിൽ ബിജെപി മത്സരിക്കും. ചെറുകക്ഷികളിൽ ചിലത് താമര ചിഹ്നത്തിൽ മത്സരിച്ചേക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടതിനൊപ്പമാണ് സീറ്റ് വിഭജനവും പൂർത്തിയാക്കിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ആണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. 152 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന പതിവിന് വിരുദ്ധമായി താക്കറെ കുടുംബാംഗം ഇത്തവണ മത്സര രംഗത്തുണ്ട്. ഉദ്ധവ് താക്കറെയുടെ മകനായ ആദിത്യ താക്കറെയുടെ നേതൃത്വത്തിലാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒക്ടോബർ 21 നാണ് വോട്ടെടുപ്പ്. 24 ന് വോട്ടെണ്ണൽ. ഹിന്ദുത്വയാണ് ബിജെപിയേയും ശിവസേനയേയും കൂട്ടിയിണക്കുന്നത് എന്നും തിരഞ്ഞെടുപ്പിൽ സഖ്യം പ്രതീക്ഷിച്ചതിനേക്കാളും വളരെ വലിയ വിജയം നേടുമെന്നും ഫഡ് നാവിസ് പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഫഡ്നാവിസിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറുവശത്ത് കോൺഗ്രസും എൻസിപിയും 125 സീറ്റിൽ വീതമാണ് മത്സരിക്കുന്നത്. 20 സ്ഥാനാർത്ഥികളുടെ മൂന്നാം ഘട്ട ലിസ്റ്റാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടക്കം 123 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കി മുംബയ് മുൻ പിസിസി പ്രസിഡൻ്റ് സഞ്ജയ് നിരുപം ഇന്ന് രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് നാല് സീറ്റിൽ കൂടുതൽ ഇത്തവണ നേടാനാകില്ല എന്ന് സഞ്ജയ് നിരുപം പറഞ്ഞിരുന്നു.

എൻസിപി 77 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസിനേയും സഖ്യകക്ഷിയായ എൻസിപിക്കും തലവേദന ഉൾപ്പാർട്ടി പ്രശ്നങ്ങളാണ്. ബിജെപിയിലേയ്ക്കും ശിവസേനയിലേയ്ക്കുമുണ്ടായ കൊഴിഞ്ഞുപോക്കും ശരദ് പവാറിനും അജിത് പവാറിനുമെതിരായ അഴിമതി കേസുമെല്ലാം എൻസിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി കേസിൽ എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് ആണ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനേയും അജിത് പവാറിനേയും മറ്റും പ്രതി ചേർത്തത്. അതേസമയം മുൻ ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഛഗൻ ഭുജ്ബലും ഇത്തവണയും മത്സരരംഗത്തുണ്ട്.


Next Story

Related Stories