Top

അയോധ്യ കേസിലെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ രാജീവ് ധവാനെ കേസിൽ നിന്ന് പുറത്താക്കി

അയോധ്യ കേസിലെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ രാജീവ് ധവാനെ കേസിൽ നിന്ന് പുറത്താക്കി

അയോധ്യ ബാബറി - രാമജന്മഭൂമി തര്‍ക്ക കേസില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ കേസില്‍ നിന്ന് മാറ്റി. അസുഖമാണ് എന്ന് പറഞ്ഞാണ് മാറ്റിയത്. അതേസമയം തനിക്ക് അസുഖമൊന്നുമില്ലെന്ന് പറഞ്ഞ രാജീവ് ധവാന്‍, ജാമിയത്ത് ഉലമ ഇ ഹിന്ദ് നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദിക്കാന്‍ താന്‍ ഉണ്ടാവില്ല എന്ന് അറിയിച്ചു. തന്നെ കേസിലെ വാദത്തില്‍ നിന്ന് പുറത്താക്കിയതാണ് എന്ന് രാജീവ് ധവാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജാമിയത്തിനെ പ്രതിനിധീകരിക്കുന്ന എഒആര്‍ (അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ്) ഇജാസ് മഖ്ബൂല്‍ എന്നെ ബാബറി കേസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. പുറത്താക്കല്‍ മടികൂടാതെ അംഗീകരിക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയതായും രാജീവ് ധവാന്‍ പറയുന്നു. എനിക്ക് അസുഖമായതിനാല്‍ എന്നെ കേസില്‍ നിന്ന് ഒഴിവാക്കുന്നതായി മിസ്റ്റര്‍ മദനി പറഞ്ഞതായി ഞാന്‍ അറിഞ്ഞു. ഇത് തീര്‍ത്തും അസംബന്ധമാണ് - രാജീവ് ധവാൻ പറഞ്ഞു.



അതേസമയം രാജീവ് ധവാന്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് റിവ്യു പെറ്റീഷനില്‍ അദ്ദേഹത്തിന്റെ പേര് നല്‍കാതിരുന്നത് എന്നാണ് എഒആര്‍ ഇജാസ് മഖ്ബൂല്‍ പറഞ്ഞത്. ധവാനെ കേസില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നത് തെറ്റാണ് എന്നും ഇജാസ് മഖ്ബൂല്‍ പറഞ്ഞു.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം ഉള്‍പ്പെടെയുള്ള അയോധ്യയിലെ ഭൂമി ഹിന്ദു ക്ഷേത്രത്തിന് വിട്ടുകൊടുക്കാനും അയോധ്യയില്‍ മറ്റെവിടെയെങ്കിലും അഞ്ചേക്കര്‍ ഭൂമി മുസ്ലീം പള്ളിക്ക് നല്‍കാനുമുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് ഇന്നലെയാണ് ആദ്യത്തെ പുന:പരിശോധന ഹര്‍ജി ജാമിയത്ത് ഉലമ ഹിന്ദ് ഫയല്‍ ചെയ്തത്. ഡിസംബര്‍ ഒമ്പതിന് പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) അറിയിച്ചിട്ടുണ്ട്. അതേസമയം സുന്നി വഖഫ് ബോര്‍ഡും മൗലാന മഹമൂദ് മദനിയുടെ നേതൃത്വത്തിലുള്ള ജാമിയത്ത് ഉലമ ഇ ഹിന്ദും പുനപരിശോധന ഹര്‍ജി നല്‍കുന്നതിന് എതിരാണ്.

രാജീവ് ധവാനെ മാറ്റിയത് ജാമിയത്ത് ഉലമ ഇ ഹിന്ദ് മാത്രമാണ് എന്നും മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ തന്നെ ആവാകാനാണ് സാധ്യതയെന്നും മാധ്യമപ്രവര്‍ത്തകന്‍ എഹ്താഷാം ഖാന്‍ പറയുന്നു. വ്യക്തിനിയമ ബോര്‍ഡ് അടക്കമുള്ള അഞ്ച് മുസ്ലീം സംഘടനകള്‍ രാജീവ് ധവാന്‍ തന്നെ അഭിഭാഷകനായി തുടരണം എന്ന അഭിപ്രായക്കാരാണ്. ഇതുമായി ബന്ധപ്പട്ട് ഈ സംഘടനകള്‍ അടുത്ത ദിവസം തന്നെ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തും. ധവാനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ശ്രമിക്കുന്നുണ്ട്.

ശനിയാഴ്ച എല്ലാ മുസ്ലീം സംഘടകളും രാജീവ് ധവാനുമായി കൂടിക്കാഴ്ച നടത്തുകയും എല്ലാവരും പുനപരിശോധന ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പുനപരിശോധന ഹര്‍ജിക്ക് രാജീവ് ധവാന്‍ അന്തിമരൂപം നല്‍കുമെന്നും ധാരണയായിരുന്നു. എന്നാല്‍ ധവാനുമായി ആലോചിക്കാതെയാണ് ജാമിയത്ത് ഉലമ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തത്. ഇത് ജാമിയത്തിനെ അസ്വസ്ഥരാക്കി.

ധവാന് സുഖമില്ലാത്തത് കൊണ്ടാണ് കേസില്‍ നിന്ന് ഒഴിവാക്കിയത് എന്നാണ് ജാമിയത്ത് പ്രസിഡന്റ് അര്‍ഷാദ് മദനി പറഞ്ഞത്. എന്നാല്‍ ഇത് അസംബന്ധമാണ് എന്ന് രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ റിവ്യു പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനോട് തന്നെ അര്‍ഷാദ് മദനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുനപരിശോധന ഹര്‍ജി നല്‍കണമെന്ന വ്യക്തിനിയമ ബോര്‍ഡിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് അതിന് വഴങ്ങിയത്. ധവാനെ ഒഴിവാക്കാന്‍ അര്‍ഷാദ് മദനി താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിനിയമ ബോര്‍ഡ് ഇത് അംഗീകരിച്ചില്ല.


Next Story

Related Stories