TopTop
Begin typing your search above and press return to search.

ട്രബിള്‍ഷൂട്ടര്‍, ക്രൈസിസ് മാനേജര്‍, ഫണ്ട് മാനേജര്‍...; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

ട്രബിള്‍ഷൂട്ടര്‍, ക്രൈസിസ് മാനേജര്‍, ഫണ്ട് മാനേജര്‍...; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. ഇന്ന് വെളുപ്പിനെ മൂന്നരയോടെയാണ് 71-കാരനായ പട്ടേല്‍ വിടവാങ്ങിയത്. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശയമായ പട്ടേലിനെ പത്തു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്ന നിലയിലാണ് പട്ടേലിന്റെ നേതൃമികവ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. മകന്‍ ഫൈസല്‍ പട്ടേലാണ് വെളുപ്പിനെ നാല് മണിയോടെ മരണ വിവരം അറിയിച്ചത്. കോണ്‍ഗ്രസ് ട്രെഷറര്‍ കൂടിയാണ്.

മൂന്നു തവണ ലോക്സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പട്ടേല്‍ ഇതുവരെ ഒരു മന്ത്രിസഭയിലും അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഏതാനും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അണിയറ നീക്കങ്ങള്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞിരുന്നത് പട്ടേലിനെ കേന്ദ്രീകരിച്ചായിരുന്നു. പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടറും ക്രൈസിസ് മാനേജറും ഫണ്ട് മാനേജറും തുടങ്ങി അഹമദ് പട്ടേലിന് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നിരവധിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധിയാണെങ്കിലും രാഹുല്‍ ഗാന്ധിയാണെങ്കിലും അണിയറയിലിരുന്ന് പാര്‍ട്ടിയുടെ ഓരോ നീക്കങ്ങള്‍ക്കും രൂപം നല്‍കിയതും നിയന്ത്രിച്ചതുമെല്ലാം പട്ടേലായിരുന്നു. പട്ടേല്‍ രാജ്യസഭയിലെത്താതിരിക്കാന്‍ അന്ന് ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ സകല തന്ത്രങ്ങളും പയറ്റിയിട്ടും ഗുജറാത്തില്‍ നിന്ന് അദ്ദേഹം 2017-ല്‍ രാജ്യസഭയിലെത്തുക തന്നെ ചെയ്തു. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയും ബാക്കിയുള്ള പാര്‍ട്ടി എംഎല്‍എമാരെ ബംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയുമൊക്കെ ചെയ്ത ചാക്കിട്ടുപിടിത്തം അന്ന് രാജ്യം ദര്‍ശിച്ചതാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പട്ടേല്‍ നേരിട്ട് മുംബൈയില്‍ ക്യാമ്പ് ചെയ്താണ് പ്രതിസന്ധി ഒഴിവാക്കിയത്.

ജനതാതരംഗത്തിനിടയിലും 28-ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്‌സഭയിലെത്തിയ പട്ടേലിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രണ്ടു തവണ കൂടി ലോക്‌സഭയിലേക്ക് വിജയിച്ച പട്ടേല്‍ ഇതിനിടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. 1990-ല്‍ പരാജയപ്പെട്ടതോടെ പിന്നീട് അഞ്ചു തവണ പാര്‍ലമെന്റംഗമായതും രാജ്യസഭയിലൂടെ. എന്നാല്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരില്‍ പോലും അദ്ദേഹം അംഗമായില്ല. രാജീവ്-സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായതിനു ശേഷം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായി. 2014-ല്‍ യുപിഎ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചതും മുന്നണിയെ അധികാരത്തിച്ചതിനുമെല്ലാം അണിയറയില്‍ ചരട് വലിച്ചത് പട്ടേലിന്റെ മിടുക്കായിരുന്നു.

ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഖജനാവിന്റെ താക്കോല്‍ അഹമദ് പട്ടേലിന്റെ കൈയിലായിരുന്നു. പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ ഓരോന്നായി കൈവിടുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തെങ്കിലും പട്ടേല്‍ അതൊക്കെ തന്റേതായ രീതിയില്‍ മറികടന്നു. അടുത്തിടെ കേന്ദ്ര അന്വേഷണ ഏജന്‍സികളും പട്ടേലിനെ ലക്ഷ്യമിട്ടിരുന്നു. ജൂലൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റിന്റെ ചോദ്യം ചെയ്യലിനും അദ്ദേഹം വിധേയനായി.


Next Story

Related Stories