TopTop
Begin typing your search above and press return to search.

ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ ഇന്ത്യയിലും അനുമതി; കർശനമായ ഉപാധികൾ വെച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ ഇന്ത്യയിലും അനുമതി; കർശനമായ ഉപാധികൾ വെച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം തുടരാൻ ഇന്ത്യയിലും അനുമതിയായി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഈ വാക്സിന്റെ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് മനുഷ്യപരീക്ഷണം തുടരാൻ അനുമതി നൽകിയത്. ഈ വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണത്തിലേക്ക് നീങ്ങുന്നതിനിടയിലായിരുന്നു മുൻപ് വാക്സിൻ സ്വീകരിച്ച വളന്റിയർമാരിലൊരാൾക്ക് അജ്ഞാതരോഗം സ്ഥിരീകരിച്ചത്. ഇതോടെ യുകെ സർക്കാർ പരീക്ഷണം അടിയന്തിരമായി നിർത്തിവെപ്പിച്ചു. പിന്നീട് സെപ്തംബർ 12നാണ് പരീക്ഷണം തുടരാനുള്ള അനുമതി ലഭിച്ചത്.

അതെസമയം ഇന്ത്യയിലെ പരീക്ഷണങ്ങളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇനി കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. ഇത്തരം ചില ഉപാധികളോടെയാണ് പരീക്ഷണം തുടരാൻ അനുവദിച്ചിട്ടുള്ളത്. വളണ്ടിയർമാരിൽ നിന്ന് സമ്മതം വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ കർശനമായിത്തീർന്നിട്ടുണ്ട്. വാക്സിന്റെ പാർശ്വഫല സാധ്യതകളടക്കം എല്ലാക്കാര്യങ്ങളും വളണ്ടിയറെ ബോധ്യപ്പെടുത്തിയിരിക്കണം. വാക്സിൻ സ്വീകരിച്ച ഓരോ വളണ്ടിയറെയും സൂക്ഷ്മമായ നിരന്തര പരിശേധനകൾക്ക് വിധേയമാക്കണം.

ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം വാക്സിൻ സ്വീകരിച്ചയാൾക്ക് നേരിടുകയാണെങ്കിൽ എന്ത് ചികിത്സയാണ് നൽകുകയെന്നതിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ടായിരിക്കണമെന്ന് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിൻ സ്വീകരിച്ചയാളിൽ തിരിച്ചറിയാനാകാത്ത രോഗം കണ്ടെത്തിയതോടെ നിർത്തിവെച്ച പരീക്ഷണം വീണ്ടും തുടങ്ങാൻ സാഹചര്യമൊരുങ്ങിയത് വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) യുടെ സാക്ഷ്യപ്പെടുത്തലോടെയാണ്. ഒരു വിദഗദ്ധസമിതിയെ ഇക്കാര്യം പരിശോധിക്കാനായി നിയോഗിച്ചിരുന്നു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് എംഎച്ച്ആർഎ ഈ തീരുമാനമെടുത്തത്. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയാണ് ഓക്സ്ഫോഡ് വാക്സിൻ നൽകിയിരുന്നത്.

യുഎസ്സിൽ മാത്രം 30,000 പേരെയാണ് വളന്റിയർമാരായി എൻറോൾ ചെയ്തിരുന്നത്. ബ്രസീലിലും സൌത്താഫ്രിക്കയിലും ചെറിയ ഗ്രൂപ്പ് വളന്റിയർമാരിൽ പരീക്ഷണം നടത്തിയിരുന്നു. കൊറോണവൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനുപയോഗിക്കുന്ന പ്രോട്ടീനിന്റെ സമാനരൂപം നിർമിക്കുകയാണ് ഓക്സ്ഫോഡ് വാക്സിൻ ചെയ്യുക. വാക്സിനേഷനു ശേഷം ഈ പ്രോട്ടീൻ ശരീരത്തിൽ സൃഷ്ടിക്കപ്പെട്ടാൽ കൊറോണവൈറസ്സിന്റെ ആക്രമണത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി കൈവരിക്കപ്പെടും.

Next Story

Related Stories