ഭീമ കോറിഗാവ് കേസിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് സഖ്യകക്ഷി നേതാവും എന്‍സിപി ദേശീയ അധ്യക്ഷനുമായ ശരദ് പവാര്‍. ഒരേസമയം കേന്ദ്ര സര്‍ക്കാരിനേയും മഹാരാഷ്ട്ര സര്‍ക്കാരിനേയും പവാര്‍ വിമര്‍ശിച്ചു. ഉദ്ധവ് താക്കറെയുടെ ശിവസേനയും പവാറിന്റ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാവികാസ് അഖാഡി സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ അധികാരത്തില്‍. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഉണ്ടായത് എന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. ഭീമ കോറിഗാവ് കേസ് അന്വേഷിച്ച, മഹാരാഷ്ട്ര പൊലീസിലെ ചിലരുടെ പെരുമാറ്റം എതിര്‍ക്കപ്പെടേണ്ടതാണ് എന്നും ഇവരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പവാര്‍ പറഞ്ഞു.
രാവിലെ മന്ത്രിമാര്‍ പൊലീസ് ഉദ്യോഗസ്ഥരെ കാണുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. ഇത് ഭരണഘടനാവിരുദ്ധമാണ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുകള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കേന്ദ്രം ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ കൈകടത്തിയതും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് പിന്തുണ നല്കിയതും തെറ്റാണ് - പവാര്‍ പറഞ്ഞു. എന്‍സിപിയിലെ അനില്‍ ദേശ്മുഖ് ആണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി. എന്‍ഐഎക്ക് കേസ് കൈമാറുന്ന കാര്യത്തില്‍ തന്റെ സമ്മതമില്ലാതെ ഉദ്ധവ് ആണ് തീരുമാനമെടുത്തത് എന്ന് അനില്‍ ദേശ്മുഖ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ല എന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞത്.
2018 ജനുവരി ഒന്നിന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവിലുണ്ടായ സംഘര്‍ത്തില്‍ മാവോയിസ്റ്റ് ഗൂഢാലോചന ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഇവര്‍ തടവിലാണ്. ഈ കേസില്‍ പുനരന്വേഷണം നടത്തുമെന്ന് ശരദ് പവാറും ഉദ്ധവ് താക്കറെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എന്‍ഐഎ കേസ് ഏറ്റെടുത്തു. ഭീമ കോറിഗാവ് യുദ്ധവിജയത്തിൻ്റെ 200ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. ഒരാൾ മരിച്ചിരുന്നു. ദലിത് വിഭാഗത്തിൽ പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ പൂനെയിലും മുംബൈയിലും മറ്റും മറാത്ത, ദലിത് സമുദായക്കാർ തമ്മിൽ വലിയ സംഘർഷമുണ്ടാക്കി.