TopTop

"50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിൽ എന്റെ അനുഭവം ജനങ്ങൾ ഉറച്ച നിലപാടെടുക്കും എന്നതാണ്": ശരദ് പവാർ

"50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിൽ എന്റെ അനുഭവം ജനങ്ങൾ ഉറച്ച നിലപാടെടുക്കും എന്നതാണ്": ശരദ് പവാർ

ബിജെപിയുമായി സഖ്യം ചേരാനായി അജിത് പവാർ നടത്തിയ വിമത നീക്കങ്ങൾക്കു പിന്നിൽ താനാണെന്ന് പറയുന്നത് തെറ്റാണെന്ന് എൻസിപി നേതാവ് ശരദ് പവാർ. അജിത് പവാറിന്റെ നീക്കം അജിത് പവാറിന്റേതു മാത്രമാണെന്നും അതിൽ എൻസിപിക്ക് പങ്കില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. താൻ ഇപ്പോഴും എന്‍സിപിയിലാണെന്നും തന്റെ നേതാവ് ശരദ് പവാറാണെന്നും കഴിഞ്ഞദിവസം അജിത് പവാർ ട്വീറ്റ് ചെയ്തിരുന്നു. ശരദ് പവാർ കൂടി അറിഞ്ഞുള്ള കളിയാണ് അജിത് പവാർ കളിക്കുന്നതെന്ന് അഭ്യൂഹങ്ങൾ ചില കോണുകളിൽ നിന്നും പ്രചരിച്ചു തുടങ്ങിയിരുന്നു ഇതിനു പിന്നാലെ. ഈ സാഹചര്യത്തിലാണ് പവാറിന്റെ പ്രതികരണം.

എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യത്തിന്റെ സർക്കാർ നിലവിൽ വരുമെന്നതിൽ സംശയത്തിന് യാതൊരു സാധ്യതയുമില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. അജിത് പവാറുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന കാര്യം പാർട്ടി തലത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നിയമസഭാകക്ഷി നേതൃസ്ഥാനത്തു നിന്ന് അജിത് പവാറിനെ നീക്കിയിട്ടുണ്ട്.

"കഴിഞ്ഞ അമ്പതു വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്തരം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ അനുഭവം ജനങ്ങൾ ഉറച്ച നിലപാടെടുക്കും എന്നതാണ്," ശരദ് പവാര്‍ പറഞ്ഞു. ഇതുവരെയും തനിക്ക് യുവാക്കളുടെ പിന്തുണയുണ്ട്. മറ്റൊന്നിനെക്കുറിച്ചും തനിക്ക് വേവലാതിയില്ല.

അതെസമയം മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നാളെ രാവിലെ 10.30 ലേക്ക് സുപ്രീംകോടതി നീട്ടി. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കാര്യത്തിലാണ് നാളെ കോടതി തീരുമാനം പറയുക. ഇതോടെ ബിജെപിയ്ക്ക് ഒരു ദിവസത്തെ സമയം കൂടി കിട്ടി. 14 ദിവസത്തെ സമയമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അഭിഭാഷകൻ മുകുൾ റഹ്ത്തോഗി ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തിൽ സുപ്രീം കോടതിക്ക് തീരുമാനിക്കാൻ അധികാരമില്ലെന്ന് ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോഹ്ത്തഗി വാദിച്ചു. 24 മുതൽ 48 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


Next Story

Related Stories