TopTop
Begin typing your search above and press return to search.

ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ? സാമൂഹിക മാധ്യമങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ? സാമൂഹിക മാധ്യമങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

ഐടി നിയമത്തില്‍ സാമൂഹിക മാധ്യമങ്ങളോടുള്ള നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് നിലവില്‍ വന്ന പുതിയ ഐടി നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സാമുഹിക മാധ്യമങ്ങളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി പരിഹാരത്തിനായി നിയമിച്ചിരിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍, അവരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ഇന്ത്യയിലെ കമ്പനിയുടെ മേല്‍വിലാസം ഉള്‍പ്പെടെ ലഭ്യമാക്കണം. എത്രയും വേഗം, സാധ്യമെങ്കില്‍ ബുധനാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനികള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

പുതിയ ഐടി നിയമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പരാതി പരിഹാര സംവിധാനം രൂപീകരിക്കുന്നതിന് മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് മൂന്ന് മാസത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മെയ് 25ഓടെ അനുവദിച്ച സമയം അവസാനിച്ചു. ഇന്നുമുതല്‍ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നതോടെ, സാമുഹിക മാധ്യമങ്ങള്‍ അവ എത്രത്തോളം പാലിച്ചെന്ന് അറിയുന്നതിന്റെ ഭാഗമായാണ് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പുതിയ ഐടി നിയമത്തിലെ മാര്‍ഗനിര്‍ദേശ പ്രകാരം, പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടി വരും.

അതേസമയം, പുതിയ നിയമം ഉപയോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം സര്‍ക്കാരിന് വെളിപ്പെടുത്തണമെന്ന നിബന്ധനക്കെതിരെയാണ് വാട്‌സാപ്പ് നിയമ സഹായം തേടിയിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണ്. സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ പുതിയ നിയമം നടപ്പാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടും. സര്‍ക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്ന് 2017 ലെ ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി-ഇന്ത്യന്‍ സര്‍ക്കാര്‍ കേസ് പരാമര്‍ശിച്ച് വാട്‌സാപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഈ വാദങ്ങളെല്ലാം തള്ളി. സ്വകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളൊന്നും വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല.

എന്നാല്‍ ക്രമസമാധാന പാലനം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നും ദേശ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയേയും പൊതുനിയമങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തേയും ബാധിക്കുന്ന ചില കാര്യങ്ങള്‍ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. അത് സ്വകാര്യത ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories