TopTop
Begin typing your search above and press return to search.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും? ശിവസേന - എൻസിപി സർക്കാരിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കും?

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും? ശിവസേന - എൻസിപി സർക്കാരിനെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണക്കും?

മഹാരാഷ്ട്രയിൽ ശിവസേന - എൻസിപി സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തോട്, സേനയുമായി സഹകരിക്കണമെന്ന് ആവശ്യം സംസ്ഥാന നേതാക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും പ്രസിഡൻ്റ് സോണിയ ഗാന്ധിയും സേനയുമായി സഹകരിക്കുന്നതിൽ ഒട്ടും താൽപര്യമില്ല. സോണിയയുടെ നിലപാട് മൂലം എൻസിപി അധ്യക്ഷൻ ശരദ് പവാറും സേനയുമായി സഖ്യമില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസമായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എൻസിപിയും കോൺഗ്രസും പുനരാലോചന നടത്തുന്നത്.

അതിനിടെ ഇന്നലെ നടന്ന ശിവസേന യോഗത്തിൽ എംഎൽഎമാർ ഉയർത്തിയ അഭിപ്രായം ആദിത്യ താക്കറെയല്ല, ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ്. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഉദ്ധവ് താക്കറെ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയിലെത്തേണ്ടി വരും. ഉദ്ധവിൻ്റെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോൾ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ബാൽ താക്കറെയുടെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വന്നത് ആദിത്യ താക്കറെയാണ്. എന്നാലിപ്പോൾ പാർട്ടി അധ്യക്ഷനായ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായമാണ് എംഎൽഎമാർക്ക്. ഇതിനോടുള്ള ഉദ്ധവ് താക്കറെയുടെ പ്രതികരണം വ്യക്തമല്ല. ഒരേസമയം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉദ്ധവിനേയും ആദിത്യയേയും ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും ശിവസേന പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്. മുംബൈയിൽ താക്കറെ കുടുംബത്തിൻ്റെ വീടായ 'മാതോശ്രീ'യ്ക്ക് മുന്നിൽ തന്നെ ഇത്തരത്തിലുള്ള രണ്ട് ബാനറുകളും വച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവർത്തിച്ച് പറഞ്ഞിരുന്നു. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയുമായും ശിവസേന എം പി സഞ്ജയ് റാവുത്തുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ പവാർ ഇക്കാര്യം പറഞ്ഞിരുന്നു. ജനവിധി ബിജെപി - ശിവസേന സഖ്യത്തിന് അനുകൂലമാണെന്നും മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇരു പാർട്ടികളും ചേർന്ന് എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കണമെന്നും പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കുമിടയിൽ ഒരു തരത്തിലുള്ള സമവായവുമുണ്ടായില്ല. ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കുന്നതിൽ എൻസിപിയിൽ ആദ്യം മുതലേ വലിയ എതിർപ്പുകളില്ല. കോൺഗ്രസിനെ പിണക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് പ്രധാനമായും സേനയുമായി സഖ്യമില്ല എന്ന് ശരദ് പവാർ നിലപാടെടുത്തത് എന്നാണ് സൂചന. അതേസമയം കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി അശോക് ചവാൻ്റെ നേതൃത്വത്തിലുള്ള വിഭാഗം തുടക്കത്തിൽ തന്നെ സേനയുമായി ചേർന്ന് സർക്കാരുണ്ടാക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു. 288 അംഗ സഭയിൽ 105 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റ്. ശിവസേനയ്ക്ക് 56 സീറ്റും എൻസിപിക്ക് 54 സീറ്റും കോൺഗ്രസിന് 44 സീറ്റുമാണുള്ളത്.

ഇതിനിടെ മഹാരാഷ്ട്ര പ്രതിസന്ധി ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന് വീണ്ടും യോഗം ചേർന്നു. തീരുമാനമെടുക്കാൻ സോണിയ ഗാന്ധിയെ പ്രവർത്തകസമിതി ചുമതലപ്പെടുത്തി. കോൺഗ്രസ് തീരുമാനം വന്നതിന് ശേഷം അന്തിമ തീരുമാനമെന്നാണ് എൻസിപി പറയുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി സോണിയ ഗാന്ധി വീണ്ടും ചർച്ച നടത്തിയേക്കും. ഈ ചർച്ചയിൽ ഇരു പാർട്ടികളും അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത.


Next Story

Related Stories