Top

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ശിവസേന രാജി വയ്ക്കും, എൻഡിഎ വിട്ടു, മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കും

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ശിവസേന രാജി വയ്ക്കും, എൻഡിഎ വിട്ടു, മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിച്ച ശിവസേന ബിജെപി സഖ്യം വിട്ടു. എൻഡിഎ വിടുകയും കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജി വയ്ക്കും. ശിവസേനയുടെ പിന്തുണയില്ലാത്തത് കാരണം സർക്കാർ രൂപീകരിക്കാനില്ല എന്ന് പറഞ്ഞ ബിജെപി പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി ഇന്നലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണുള്ളത്. അതേസമയം 54 സീറ്റുള്ള എൻസിപിയുടേയും 44 സീറ്റുള്ള കോൺഗ്രസിൻ്റേയും പിന്തുണ വിശ്വാസ നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ ശിവസേനയ്ക്ക് വേണം. ഒക്ടോബർ 24ന് തിരഞ്ഞെടുപ്പ് ഫലം വന്നിരുന്നെങ്കിലും ബിജെപി - ശിവസേന പോരാണ് മന്ത്രിസഭ രൂപീകരണത്തിന് തടസമായത്. രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യത്തിന് വഴങ്ങാൻ ബിജെപി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സർക്കാർ രൂപീകരണത്തിന് ബദൽ വഴികളുമായി ശിവസേന മുന്നോട്ടുപോയത്. അതേസമയം നിരവധി ചർച്ചകൾ നടന്നെങ്കിലും എൻസിപിയും കോൺഗ്രസും ഇതുവരെയും പിന്തുണ ഉറപ്പ് നൽകിയിട്ടില്ല.

ശിവസേന നേതാക്കളായ സഞ്ജയ് റാവുത്തും ഉദ്ധവ് താക്കറെയും ബിജെപിയേയും ദേവേന്ദ്ര ഫഡ്നാവിസിനേയും നിരന്തരം കടന്നാക്രമിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്ക് വയ്ക്കില്ലെന്നും അഞ്ച് വർഷവും താൻ തന്നെ മുഖ്യമന്ത്രിയായിരിക്കുമെന്നുമാണ് ഫഡ്നാവിസ് പറഞ്ഞിരുന്നത്. ഫഡ്നാവിസും ഉദ്ധവ് താക്കറെയും തമ്മിൽ രൂക്ഷമായ വാക് പോര് നടന്നിരുന്നു. നുണയന്മാരും ചതിയന്മാരുമായ ബിജെപിക്കാർക്കൊപ്പം സർക്കാരുണ്ടാക്കാനില്ലെന്ന് ഉദ്ധവ് താക്കറെ തുറന്നടിക്കുകയും ചെയ്തു. മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെ എന്ന് പറഞ്ഞാണ് സഞ്ജയ് റാവുത്ത് ആണ് ബിജെപിയെ ഏറ്റവും ശക്തമായി ആക്രമിച്ച് പോന്നത്. മാരത്തോൺ ചർച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്നലെ ബിജെപിയുടെ കോർ കമ്മിറ്റി യോഗവും ശിവസേന എംഎൽഎമാരുടെ യോഗവും നടന്നിരുന്നു.

അതേസമയം എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി സഞ്ജയ് റാവുത്ത് നടത്തിയ ചർച്ചകൾ വിജയകരമായിരുന്നില്ല. ശിവസേനയുമായി സഖ്യ സർക്കാരുണ്ടാക്കുന്നതിൽ കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയ്ക്കും വലിയൊരു വിഭാഗം നേതാക്കൾക്കുമുള്ള എതിർപ്പാണ് ശരദ് പവാറിനെ പിന്തിരിപ്പിച്ചത്. എന്നാൽ ഉപാധികൾക്ക് വിധേയമായി ശിവസേനയെ പിന്തുണക്കുന്ന കാര്യം എൻസിപി പൂർണമായും തള്ളിക്കളയുന്നുമില്ല. മുൻ മുഖ്യമന്ത്രി അശോക് ചവാനാണ് ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കണം ഇല്ലെങ്കിൽ പുറത്തുനിന്ന് പിന്തുണ നൽകണം എന്ന് വാദിക്കുന്ന കോൺഗ്രസ് നേതാവ്.


Next Story

Related Stories