TopTop

"രാജ്യസഭയിൽ പ്രതിപക്ഷ ബഞ്ചിലിരിക്കും": ശിവസേന

"രാജ്യസഭയിൽ പ്രതിപക്ഷ ബഞ്ചിലിരിക്കും": ശിവസേന

രാജ്യസഭയിൽ തങ്ങൾ പ്രതിപക്ഷ ബഞ്ചുകളിൽ ഇരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത്. രാജ്യസഭയിൽ ശിവസേനാ അംഗങ്ങളുടെ സീറ്റുകളുടെ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയെന്ന റിപ്പോര്‍ട്ടുകൾക്കു പിന്നാലെയാണ് ഈ പ്രതികരണം. സേനയുടെ മൂന്ന് രാജ്യസഭാ എംപിമാരിലൊരാളാണ് റൗത്ത്.

തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. ഇതുവരെയും മഹാരാഷ്ട്രയിൽ വ്യക്തമായൊരു രാഷ്ട്രീയ ചിത്രം രൂപപ്പെട്ടിട്ടില്ല. അതെസമയം സേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സഖ്യത്തിന്റെ സർക്കാർ നിലവിൽ വരികയാണെങ്കിൽ സേനയ്ക്ക് എൻഡിഎയിൽ നിന്നും പുറത്തു പോരേണ്ടതായി വരും.

ഇതിനിടെ, നവംബർ 17ന്, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന എൻഡിഎ യോഗത്തിൽ ശിവസേന പങ്കെടുക്കില്ലെന്ന് സഞ്ജയ് റൗത്ത് ഇന്ന് വൈകീട്ടോടെ പ്രസ്താവിച്ചിരുന്നു. സഖ്യത്തിൽ നിന്നുള്ള പിന്മാറ്റം ഒരു ഔദ്യോഗികത മാത്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

കേന്ദ്ര മന്ത്രിസഭയിൽ നിന്നും സേനയുടെ മന്ത്രി അർവിന്ദ് സാവന്ത് കഴിഞ്ഞ തിങ്കളാഴ്ച രാജി വെച്ചിരുന്നു.

"പഴയ എൻഡിഎയും പുതിയ എൻഡിഎയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്നത്തെ എൻഡിഎയുടെ കൺവീനർ ആരാണ്? എൻഡിഎയുടെ സ്ഥാപകരിലൊരാളായ അദ്വാനിജി ഇന്ന് നിശ്ശബ്ദനാകുകയോ വിട്ടു നിൽക്കുകയോ ചെയ്യുന്നു," റൗത്ത് ചൂണ്ടിക്കാട്ടി. എൻഡിഎ വിടുന്നതിന് ഒരു ഔദ്യോഗിക പ്രസ്താവന മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന ചോദ്യത്തിന് 'അങ്ങനെ പറയാം, അങ്ങനെ പറയുന്നതിൽ യാതൊരു തെറ്റുമില്ല' എന്നായിരുന്നു റൗത്തിന്റെ മറുപടി.

മൂന്ന് ദശകങ്ങളോളം നീണ്ടുനിന്ന സഖ്യമാണ് തകർച്ചയുടെ വക്കിൽ നിൽക്കുന്നത്. സംസ്ഥാന ഭരണത്തിൽ തങ്ങൾക്കു വേണ്ട പങ്കാളിത്തം സംബന്ധിച്ച് സേന മുമ്പോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ‌ ബിജെപി കൂട്ടാക്കുകയുണ്ടായില്ല. ഇതാണ് സഖ്യം തകരുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ തുടക്കം.


Next Story

Related Stories